Connect with us

Kerala

സർക്കാരിന്റെ ആദ്യ ദൗത്യം ലക്ഷ്യത്തിലേക്ക്‌ ; ദുരിതാശ്വാസ ക്യാമ്പിലെ 967 കുടുംബത്തിന് താൽക്കാലിക വീടായി

Published

on

Share our post

കൽപ്പറ്റ: മഹാദുരന്തത്തിൽപെട്ട മുണ്ടക്കൈ ജനതയെ യുദ്ധകാലവേഗതയിൽ കൈപിടിച്ചുയർത്തി സംസ്ഥാന സർക്കാർ. ഉരുൾപൊട്ടി ഒരുമാസം തികയുംമുമ്പേ താൽക്കാലിക പുനരധിവാസത്തിന്റെ അവസാന കടമ്പയും താണ്ടുകയാണ്‌. 19 ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്ന 967 കുടുംബങ്ങളേയും വാടകവീടുകളിലേക്കും സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും മാറ്റിപ്പാർപ്പിച്ചു. ഇനി ക്യാമ്പിലുള്ളത്‌ 16 കുടുംബം മാത്രം. ഇവർക്കും വീടുകൾ കണ്ടെത്തി. 27നകം പുനരധിവാസം പൂർണമാകും. വീടുകൾക്ക്‌ ആറായിരം രൂപ വീതം മാസം സർക്കാർ വാടക നൽകും. ബന്ധുവീടുകളിലേക്ക്‌ മാറിയവർക്കും ഈ തുക ലഭിക്കും.

നാലു മന്ത്രിമാരടങ്ങുന്ന ഉപസമിതി ദുരന്തമുണ്ടായ ജൂലൈ 30 മുതൽ ജില്ല കേന്ദ്രീകരിച്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനും കാണാതായവർക്കുള്ള തിരച്ചിലിനും പുനരധിവാസത്തിനും ഒരേ വേഗമായിരുന്നു. ആറുകോടിയിലധികം രൂപ ഇതുവരെ സഹായം നൽകി. അടിയന്തര സഹായമായി പതിനായിരം, ജീവനോപാധി നഷ്‌ടപ്പെട്ടവർക്ക്‌ പതിനായിരം, മരിച്ചവരുടെ ആശ്രിതർക്ക്‌ ആറുലക്ഷം എന്നിങ്ങനെ അനുവദിച്ചു. ദുരിതബാധിത കുടുംബങ്ങളിലെ രണ്ടുപേർക്ക്‌ പ്രതിദിനം 300 രൂപ ഒരുമാസത്തേക്ക്‌ ഉപജീവന ബത്തയും നൽകിത്തുടങ്ങി. 539 കുടുംബങ്ങളിലെ 1078 പേർക്കാണ്‌ ഈ തുക കൈമാറിയത്‌. ഗുരുതര പരിക്കേറ്റ 28 പേർക്ക് 17 ലക്ഷം നൽകി. ഉരുൾപൊട്ടൽ മേഖലകളിലും ചാലിയാറിലും നിലമ്പൂർവരെയുള്ള തീരങ്ങളിലും 26 ദിവസമായി പരിശോധന തുടരുകയാണ്‌. മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ പരിശോധന പൂർത്തിയായി. ക്രോസ്‌മാച്ചിങ് അവസാന ഘട്ടത്തിലാണ്‌.

തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറിയും മുണ്ടക്കൈ ഗവ. എൽ.പി സ്‌കൂളും മേപ്പാടി ഗവ. ഹയർ സെക്കൻഡറിയിൽ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി. 878 പേർക്ക്‌ 1162 സർട്ടിഫിക്കറ്റുകൾ അനുവദിച്ചു. വിവിധ കമ്പനികളെ പങ്കെടുപ്പിച്ച്‌ ദുരിതബാധിതർക്കായി മേപ്പാടിയിൽ വെള്ളിയാഴ്‌ച നടത്തിയ തൊഴിൽ മേളയിലൂടെ 59 പേര്‍ക്ക് ജോലി നല്‍കി. 127 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി

ദുരന്താനന്തര ആവശ്യങ്ങൾ കണ്ടെത്താൻ സമഗ്ര പരിശോധന

വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസവും പുനരുജ്ജീവനവും ദുരിതബാധിത മേഖലയുടെ പുനർനിർമാണവും ലക്ഷ്യമിട്ടുള്ള ദുരന്താനന്തര ആവശ്യങ്ങൾ നിർണയിക്കലി (പിഡിഎൻഎ) ന്‌ തിങ്കളാഴ്‌ച തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ), നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ (എൻ.ഐ.ഡി.എം), മറ്റു ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി 31 വരെ തുടരും. എൻ.ഡി.എം.എ സംഘം ഞായറാഴ്‌ച കോഴിക്കോട്ടെത്തും. സാമൂഹ്യ മേഖല, അടിസ്ഥാന സൗകര്യ വികസനം, ഉപജീവനം തുടങ്ങി വിവിധ മേഖലകളായി തിരിച്ചാണ്‌ പ്രവർത്തനങ്ങൾ. ഓരോ മേഖലയിലേക്കും ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി.

ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി മേൽനോട്ടം വഹിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥരുടെ മേൽനോട്ടം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസും ജില്ലാതല ഉദ്യോഗസ്ഥരുടെ മേൽനോട്ടം വയനാട്‌ കലക്ടർ ഡി ആർ മേഘശ്രീയും നിർവഹിക്കും. ദുരന്തത്തിന്റെ ആഘാതം വിലയിരുത്തി പരിഹരിക്കുന്നതിനുള്ള ഹ്രസ്വകാല, ഇടത്തരം, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കും. പദ്ധതികൾക്കുള്ള ചെലവും പൂർത്തിയാക്കുന്നതിനുള്ള സമയക്രമവും ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ടാണ്‌ തയ്യാറാക്കുക. റിപ്പോർട്ട്‌ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിക്കും.

ഉണരുന്നു, ചെറുപുഞ്ചിരി…

പുഞ്ചിരിമട്ടത്തെ വീട് തറയടക്കം ഒലിച്ചുപോയെങ്കിലും സുമിത്രയുടെ പ്രതീക്ഷകളറ്റില്ല. നെഞ്ചുപിളരും വേദനയിലും സർക്കാർ ചേർത്തുപിടിച്ചപ്പോൾ ദിവസങ്ങൾക്കുളളിൽ മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ മടക്കിമലയിലെ വാടകവീട്ടിലേക്ക് അവർ നടന്നുകയറി. ദുഃഖം ചെറുപുഞ്ചിരിയിലേക്ക്‌ വഴിമാറി. പുതിയ മേൽക്കൂരയ്‌ക്ക്‌ കീഴെ പുതിയൊരു ജീവിതം സ്വപ്നം കാണുകയാണവർ. ‘‘സർക്കാർ ഇനിയും കൈപിടിക്കുമെന്ന്‌ വിശ്വാസമുണ്ട്‌. ഒരുകുടുംബത്തിന് വേണ്ടതെല്ലാം തന്നു. മലവെള്ളം പാഞ്ഞെത്തിയപ്പോൾ ഭർത്താവിനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. വാടകവീട്ടിൽ വന്നപ്പോൾ കട്ടിലും കിടക്കയും അലമാരയും മേശയുമെല്ലാമുണ്ട്‌. ഗ്യാസും സ്റ്റൗവും പാത്രങ്ങളും കിട്ടി. ഭക്ഷണസാധനങ്ങൾക്കും കുറവില്ല. ഇത്രവേഗം ഒരുവീട്ടിലേക്ക്‌ മാറുമെന്ന്‌ കരുതിയതല്ല. എവിടെ ജീവിക്കുമെന്ന ആധിയായിരുന്നു’’–- തലചായ്‌ക്കാനിടം കിട്ടിയതിന്റെ ആശ്വാസം തൊഴിലുറപ്പ്‌ തൊഴിലാളിയായ സുമിത്രയുടെ വാക്കുകളിൽ നിറഞ്ഞു.

ദുരിതബാധിതരിൽ ഭൂരിഭാഗവും സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും വാടകവീടുകളിലേക്കും മാറിക്കഴിഞ്ഞു. വാഹനങ്ങൾ നിറയെ സാധനങ്ങളുമായാണ്‌ എല്ലാവരും വീടുകളിലേക്ക്‌ എത്തിയത്‌. ക്യാമ്പിൽനിന്ന്‌ ‘ബാക്ക്‌ ടു ഹോം കിറ്റുകൾ’ നൽകിയാണ്‌ യാത്രയാക്കിയത്‌. ഫർണിച്ചർ, ഷെൽട്ടർ, കിച്ചൺ, ക്ലീനിങ്, ശുചിത്വകിറ്റുകൾ എന്നിവ വെവ്വേറെ നൽകി; വസ്‌ത്രങ്ങൾ അളവനുസരിച്ചും. മിക്‌സി, കുക്കർ, പാത്രങ്ങൾ, ബക്കറ്റ്‌, ബെഡ്‌ഷീറ്റ്‌, സോപ്പ്‌, ചൂൽ, ബാഗ്‌, പലവ്യഞ്ജനങ്ങൾ, പാത്രങ്ങൾ, പായ എന്നിവയുൾപ്പെടെ നൂറിലധികം സാധനങ്ങളുമുണ്ടായിരുന്നു.


Share our post

Breaking News

വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാനുള്ള ഒരുക്കങ്ങൾ സജീവം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Published

on

Share our post

കല്‍പ്പറ്റ: നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിച്ചു. 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.കടുവയെ കൂട്ടിലാക്കാന്‍ വനം വകുപ്പ് പത്തിനപരിപാടികളാണ് വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. തലപ്പുഴ, വരയാല്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പുല്‍പ്പള്ളിയിലേയും ചെതലയത്തേയം സംഘം ചേരും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും. പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും. വനമേഖലയിലെ പരിശോധനയ്ക്ക് സാധാരണ ഡ്രോണുകള്‍ക്കൊപ്പം തെര്‍മല്‍ ഡ്രോണും ഉപയോഗിക്കും.


Share our post
Continue Reading

Kerala

റേഷൻ മുടങ്ങും; തിങ്കളാഴ്‌ച മുതൽ കടയടപ്പ് സമരം

Published

on

Share our post

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതൽ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്മീഷൻ വർധിപ്പിക്കാൻ ആകില്ലെന്ന് മന്ത്രി ചർച്ചയിൽ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാർശകൾ റേഷൻ വ്യാപാരികളുമായിചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചർച്ചയിൽ പങ്കെടുത്തില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.ധനമന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷമന്ത്രി ജി ആർ അനിൽ എന്നിവരാണ് വ്യാപാരികളുമായിചർച്ച നടത്തിയത്.


Share our post
Continue Reading

Kerala

പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം

Published

on

Share our post

ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.പതഞ്ജലിയുടെ AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എഫ്എസ്എസ്എഐയുടെ നിർദ്ദേശം വന്നതായി പതഞ്ജലി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്‌തുക്കൾ, മറ്റ് ദൈനംദിന ഉപഭോഗവസ്‌തുക്കൾ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലും രാജ്യത്തെ മുൻനിര കമ്പനികളുടെ പട്ടികയിൽ ഉലപ്പെടുന്ന കമ്പനിയാണ് പതഞ്ജലി.ബാബ രാംദേവ് നേതൃത്വം നൽകുന്ന പതഞ്ജലി ആയുർവേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. സെപ്റ്റംബർ പാദത്തിൽ അറ്റാദായം 308.97 കോടി രൂപയാണെന്നും കഴിഞ്ഞ കൊല്ലത്തേക്കാൾ 21 ശതമാനം നേട്ടം കൈവരിക്കാനായെന്നും പതഞ്ജലി ഫുഡ്സ് വ്യക്തമാക്കിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 8,198.52 കോടി രൂപ വരുമാനം ലഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ കൊല്ലം 7, 845.79 കോടി രൂപയായിരുന്നു ആകെ വരുമാനം.


Share our post
Continue Reading

Trending

error: Content is protected !!