ബി.എസ്.എന്‍.എല്‍ 4ജി കൂടുതല്‍ നഗരങ്ങളില്‍, 4ജി സിം ആണോ എന്ന് പരിശോധിക്കാം, അപ്‌ഗ്രേഡ് ചെയ്യാം

Share our post

കേരളത്തില്‍ 4ജി നെറ്റ്‌വര്‍ക്ക് എത്തിക്കാനുള്ള ത്വരിതഗതിയിലുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍. ഇതിനകം വിവിധ ഇടങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമാണ്. പഴയ ബിഎസ്എന്‍എല്‍ സിംകാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 4ജി കണക്ടിവിറ്റി ആസ്വദിക്കാനാവില്ല. അതിനാല്‍ സിം കാര്‍ഡുകള്‍ 4ജിയിലേക്ക് മാറ്റേണ്ടതുണ്ട്. അതിന് മുമ്പ് നിങ്ങളുടെ സിം കാര്‍ഡ് 4ജി കണക്ടിവിറ്റിയ്ക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കാവുന്നതാണ്.

ഇതിനായി 9497979797 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ സിം കാര്‍ഡ് 4ജി സേവനം പിന്തുണയ്ക്കുന്നുണ്ടോ എന്ന് എസ്എംഎസ് വഴി സന്ദേശം ലഭിക്കും.

4ജി പിന്തുണയ്ക്കാത്ത സിം കാര്‍ഡ് ആണെങ്കില്‍ അത് എളുപ്പം തന്നെ അപ്‌ഗ്രേഡ് ചെയ്യാം. ഇതിനായി ബിഎസ്എന്‍എലിന്റെ കസ്റ്റമര്‍ സര്‍വീസ് സെന്ററുമായോ റീട്ടെയില്‍ കേന്ദ്രങ്ങളുമായോ ബന്ധപ്പെടുക.

തദ്ദേശീയമായി നിര്‍മിച്ച 4ജി സാങ്കേതിക വിദ്യയാണ് ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കുകളില്‍ ഉപയോഗിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 4ജി സേവനങ്ങള്‍ ആരംഭിക്കുന്നതായി ബിഎസ്എന്‍എല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ഒരു ലക്ഷം 4ജി ടവറുകള്‍ ഇന്ത്യയിലൂടനീളം സ്ഥാപിക്കാനാണ് ബിഎസ്എന്‍എലിന്റെ പദ്ധതി. ഇതുവരെ എത്രയെണ്ണം സ്ഥാപിച്ചുവെന്ന് ബിഎസ്എന്‍എല്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ടാറ്റ ഗ്രൂപ്പും തേജസ് നെറ്റ് വര്‍ക്കും സിഡോട്ടും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് 4ജി സാങ്കേതിക വിദ്യ വിന്യസിക്കുന്നതില്‍ ബിഎസ്എന്‍എലിന് പിന്തുണ നല്‍കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!