സംസ്ഥാനത്ത് പനിമരണം കൂടുന്നു; ഈ മാസം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത് 20 പേർ

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വിട്ടുമാറാതെ പകർച്ചവ്യാധി. എട്ടു മാസത്തിനിടെ 116 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഈ മാസം ഇതുവരെ രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾ വൈറൽ പനിക്ക് ചികിത്സ തേടി.

ഈ മാസം എലിപ്പനി സ്ഥിരീകരിച്ചത് 317 പേർക്ക്. ഇതിൽ 20 പേർ മരിച്ചു. 21 പേരുടെ മരണം എലിപ്പനിയാണെന്ന് സംശയിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗവ്യാപനത്തെ കൃത്യമായി പ്രതിരോധിക്കാൻ ആകുന്നില്ല.

ഈ വർഷം ഇതുവരെ 1,897 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 1937 പേർക്ക് ഈ മാസം ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കി വ്യാപനത്തിൽ കുറവുണ്ടായി എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 434 പേർക്ക് ഈ മാസം എച്ച് വൺ എൻ വൺ ബാധിച്ചു. ഒമ്പത് മരണങ്ങളും ഉണ്ടായി. ഇതിനൊപ്പം വൈറൽ പനി ബാധിതരുടെയും എണ്ണവും കൂടുകയാണ്.

പനിക്ക് ചികിത്സ തേടി സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരത്തിന് മുകളിലാണ്. 509 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിൽ ഏഴ് പേർ ഈ മാസം മരിക്കുകയും ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തുകയാണ് ആരോഗ്യവകുപ്പ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!