ടൂറിസ്‌റ്റ് ഡെസ്‌റ്റിനേഷൻ സെന്ററുകൾ ഉടൻ തുറക്കും

തളിപ്പറമ്പ് : പറശ്ശിനിക്കടവ്, മലപ്പട്ടം മുനമ്പ് കടവ്, കുപ്പം, മുല്ലക്കൊടി ടൂറിസ്‌റ്റ് ഡെസ്‌റ്റിനേഷൻ സെന്ററുകൾ ഉടൻ തുറക്കും. തളിപ്പറമ്പ് മണ്ഡലത്തിലെ മറ്റ് ഡെസ്‌റ്റിനേഷൻ സെന്ററുകളും സമയ ബന്ധിതമായി പണി പൂർത്തിയാക്കാൻ തളിപ്പറമ്പ് ടൂറിസ്‌റ്റ് ഡെസ്‌റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ തീരുമാനമായി. പറശ്ശിനിക്കടവ് ബോട്ട് ജെട്ടിയുടെ പ്രവർത്തന സമയം ദീർഘിപ്പിക്കും. ജെട്ടി പരിസരത്തെ മാലിന്യം നീക്കി ശുചീകരിച്ച്, നിരീക്ഷണ ക്യാമറകളൊരുക്കും. മലപ്പട്ടം മുനമ്പ്‌കടവ്- കൊവുന്തല കേന്ദ്രങ്ങൾ ഒറ്റ ഡെസ്‌റ്റിനേഷനായി പരിഗണിച്ച് ടെൻഡർ ചെയ്യാനും ഡി.എം.സി ചെയർമാൻ എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായ ആദ്യ യോഗം തീരുമാനിച്ചു.ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എം. കൃഷ്‌ണൻ, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ. പി രമണി, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത, ഭൂരേഖ തഹസിൽദാർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.