പെണ്‍കുട്ടിയെ കൊണ്ടുപോയി ഉപദ്രവിച്ചു; പ്രതിക്ക് തടവും പിഴയും ശിക്ഷ

ചേര്‍ത്തല: പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ. പെരുമ്പളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് രണ്ടുതെങ്ങുങ്കല്‍ വീട്ടില്‍ സന്ദീപി (32) നെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2018-ലാണ് കേസിനാസ്പദമായ സംഭവം. പെരുമ്പളം കവലയില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ട് പോവുകയും എറണാകുളം മറൈന്‍ ഡ്രൈവില്‍ കൊണ്ടുപോയി അവിടെ വെച്ച് ഉപദ്രവിച്ചെന്നുമാണ് കേസ്. പൂച്ചാക്കല്‍ പോലീസ് എടുത്ത കേസില്‍, കടത്തിക്കൊണ്ടുപോയതിന് ഒരുവര്‍ഷം തടവും 50,000 രൂപ പിഴയും ലൈംഗികോദ്ദേശ്യത്തോടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതിന് ഒരുവര്‍ഷം തടവും 50,000 രൂപ പിഴയും ഉള്‍പ്പെടെ രണ്ടുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്തപക്ഷം ഒരുവര്‍ഷം തടവുകൂടി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. സബ് ഇന്‍സ്‌പെക്ടര്‍ യു. രാജീവ് കുമാര്‍, വനിതാ എസ്.ഐ. എസ്. ബെറ്റിമോള്‍, വുമന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശാലിനി, ഹേമമാലിനി, വിനീഷ്, ആനന്ദ്, സുനില്‍കുമാര്‍ പി.കെ.. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ബീന കാര്‍ത്തികേയന്‍, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.