ഏകരക്ഷിതാവിനും അവിവാഹിതർക്കും കുട്ടികളെ ദത്തെടുക്കാം;മാർഗ നിർദേശങ്ങൾ പുതുക്കി

Share our post

ന്യൂഡൽഹി: ഏകരക്ഷിതാവിനും (സിംഗിൾ പേരന്റ്‌) ഇനി കുട്ടികളെ ദത്തെടുക്കാൻ കഴിയുംവിധം ഫോസ്റ്റർ കെയർ മാർഗനിർദേശങ്ങൾ വിപുലമാക്കി വനിതാ ശിശുക്ഷേമ മന്ത്രാലയം.  ദമ്പതികള്‍ അല്ലാതെ ഒരാള്‍ക്ക് മാത്രമായി കുട്ടിയെ ദത്തെടുക്കാം. അതിനുപുറമെ, വിവാഹം കഴിക്കാത്തവർക്കും വിവാഹബന്ധം നിയമപരമായി വേർപെടുത്തിയവർക്കും പങ്കാളി മരിച്ചവർക്കും കുട്ടികളെ ദത്തെടുക്കാൻ സാധിക്കും. രണ്ടുവർഷത്തെ പരിചരണശേഷമാണ്‌ ദത്തെടുക്കാനാകുക. 2016ലെ മാർഗ നിർദേശപ്രകാരം ഈ കാലയളവ്‌ അഞ്ചുവർഷമായിരുന്നു. ഏകരക്ഷിതാവായ സ്‌ത്രീക്ക്‌ ലിംഗഭേദമന്യേ കുട്ടികളെ ദത്തെടുക്കാം. ഏകരക്ഷിതാവ്‌ പുരുഷനാണെങ്കിൽ ആൺകുട്ടിയെയാണ്‌ ദത്തെടുക്കാനാകുക. മക്കൾ ഉള്ളവർക്കും ഇനി  ദത്തെടുക്കാം.

പഴയ മാർഗനിർദേശപ്രകാരം നിയമപരമായി വിവാഹം കഴിച്ച ദമ്പതികൾക്ക്‌ മാത്രമായിരുന്നു പരിചരണത്തിനും ദത്തെടുക്കലിനും അനുമതി. 2021-ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ്‌ പ്രൊട്ടക്‌ഷൻ ഓഫ്‌ ചിൽഡ്രൻ) നിയമഭേദഗതി, 2022-ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ്‌ പ്രൊട്ടക്‌ഷൻ ഓഫ്‌ ചിൽഡ്രൻ) ഭേദഗതി എന്നിവയുടെ ചുവടുപിടിച്ചാണ്‌ നടപടി. 6–-12 വരെയും 12– -18 വയസ്സുകാരെയുമാണ്‌ പരിചരണത്തിനും ദത്തെടുക്കലിനുമായി നൽകുക. രണ്ടുവർഷമെങ്കിലും സുസ്ഥിരമായ ദാമ്പത്യം നയിച്ച ദമ്പതികൾക്കേ പരിചരണത്തിനും ദത്തെടുക്കലിനും അനുമതിയുണ്ടായിരിക്കൂവെന്ന പുതിയ വ്യവസ്ഥയും ഉൾപ്പെടുത്തി. മുൻചട്ടത്തിൽ ദമ്പതികൾക്ക്‌  35 വയസ്സ്‌ പൂർത്തിയാകണമെന്ന വ്യവസ്ഥയ്‌ക്ക്‌ പകരം രണ്ടുപേർക്കുംകൂടിയുള്ള പ്രായം 70 ആക്കി. ഏകരക്ഷിതാവിന്‌ 35 വയസ്സ്‌ പൂർത്തിയാകണം. ആറ്‌ മുതൽ 12 വയസ്സുള്ള കുട്ടികളെ ദത്തെടുക്കുന്ന ഏകരക്ഷിതാവിന്റെ പ്രായപരിധി 55 വയസ്സാണ്‌. 12– -18 വയസ്സുകാരെ ദത്തെടുക്കാൻ 60 വയസ്സാണ്‌ പരിധി. ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സിസ്റ്റം (കെയറിങ്സ്) വഴി ഓൺലൈനായാണ്‌ അപേക്ഷ നൽകേണ്ടത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!