ഓട്ടോറിക്ഷയെന്ന മുച്ചക്രവാഹനം ചെറുയാത്രകള്‍ക്കായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മൂന്നുപേര്‍ക്ക് ചെറുയാത്രകള്‍ ചുരുങ്ങിയചെലവില്‍ യാഥാര്‍ഥ്യമാക്കുന്ന ഇവ ഇപ്പോള്‍ ഒരു വിവാദത്തിലാണ്. സംസ്ഥാന പെര്‍മിറ്റ് വിവാദം ഉയരുന്നസാഹചര്യത്തില്‍, ഗതാഗതരംഗത്ത് വലിയ സാന്നിധ്യമായ ഈ കുഞ്ഞന്‍വാഹനത്തെപ്പറ്റി കൂടുതലറിയാം
ഓട്ടോറിക്ഷ
ഇരുചക്രവാഹനവും സൈക്കിള്‍റിക്ഷയും ചേര്‍ന്നുള്ള സങ്കരരൂപം. ബൈക്ക് ഹാന്‍ഡില്‍കൊണ്ട് മുന്‍ചക്രം നിയന്ത്രിക്കുന്ന വാഹനം. അതിവേഗം, പെട്ടെന്നുള്ള വെട്ടിക്കല്‍, ബ്രേക്കിങ് ഇവയെല്ലാം വണ്ടിയെ തലകീഴായി മറിക്കും. അതിനാല്‍ അന്‍പതു കിലോമീറ്ററില്‍ കൂടുതല്‍ വേഗമെടുക്കല്‍ അപകടകരമാണ്. ഇരുമ്പുകമ്പികളും തുകല്‍മറയുമായുള്ള ഓട്ടോറിക്ഷകള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓടിക്കാമെന്ന് കരുതുന്നത് അത്ര എളുപ്പമല്ല.
എന്‍ജിന്‍
മുന്‍ എന്‍ജിന്‍, പിന്‍ എന്‍ജിന്‍, വൈദ്യുതി എന്നിങ്ങനെ മോഡലുകളുണ്ട്. ഡ്രൈവറുടെ സീറ്റിന്റെ താഴെ മണ്ണെണ്ണ ഒഴിച്ചാല്‍പോലും ഓടിയിരുന്ന ലാംബ്രട്ടയായിരുന്നു മുന്‍ എന്‍ജിന്‍കാലത്തെ പ്രമുഖന്‍. പിന്‍ എന്‍ജിനോടെ ബജാജ് വന്നപ്പോള്‍ മുന്‍ എന്‍ജിന്‍ പിന്തള്ളപ്പെട്ടു. 240 സി.സി.യൊക്കെയുള്ള ഫോര്‍ സ്ട്രോക്ക് പെട്രോള്‍ എന്‍ജിനായിരുന്നു മുന്‍നിരയില്‍. 35 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും.
പിന്നീട് ഡീസല്‍ എന്‍ജിന്‍ വന്നു. പറമ്പുനനയ്ക്കാന്‍ ഉപയോഗിക്കുന്ന എന്‍ജിന്‍ പിന്നില്‍വെച്ച് എട്ടുദിക്കും പൊട്ടിച്ചായിരുന്നു ഡീസലിന്റെ വരവ്. എട്ടുലിറ്റര്‍ കൊള്ളുന്ന ടാങ്കുമായുള്ള വാഹനത്തിന് 35 മുതല്‍ 40 വരെ മൈലേജ് ലഭിച്ചു. സി.എന്‍.ജി.യാണ് പിന്നീട് വന്നത്. 40 കിലോമീറ്ററായിരുന്നു മെലേജ്. ഇപ്പോഴത്തെ താരം വൈദ്യുതി ഓട്ടോകളാണ്. നാലുമണിക്കൂര്‍ ചാര്‍ജുചെയ്താല്‍ 120 കിലോമീറ്റര്‍ ഓടും.
രൂപകല്പന
ചെറുയാത്രകള്‍ക്കായാണ് കമ്പനികള്‍ രൂപകല്പനചെയ്തത്. അധികദൂരം യാത്രക്കാര്‍ക്ക് ഇരിക്കാനാവില്ല. കുലുക്കം കൂടും. പാസീവ് സസ്‌പെന്‍ഷന്‍ സിസ്റ്റം എന്ന സാധാരണ ഷോക്ക് അബ്സോര്‍ബറുകളാണ് ഉപയോഗിക്കുക. കോയിലും സ്പ്രിങ്ങും മാത്രമുള്ള പരമ്പരാഗതമാര്‍ഗം.
ഗുണമാണോ
തുടര്‍ച്ചയായി ഓടിയാല്‍ എന്‍ജിന്‍ ചൂടാവുന്നതടക്കമുള്ള പ്രശ്‌നങ്ങളുണ്ടാവും. കൊച്ചിയില്‍ പോകാന്‍ മീറ്റര്‍ചാര്‍ജ് വാങ്ങാമെന്നായാലും പതിനായിരം രൂപയ്ക്ക് മുകളിലായിരിക്കും. തിരിച്ച് ആളില്ലാതെ കാലിയായി ഓടണം
ഹരി, ഓട്ടോഡ്രൈവര്‍, കോഴിക്കോട്
വമ്പന്‍ കമ്പനികള്‍ക്ക് വഴിയൊരുക്കാനാണിത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ എവിടെ നിന്നും ആളെക്കയറ്റാന്‍ കഴിയുന്ന സ്ഥിതിവരും. അത് തൊഴിലാളികളുമായുള്ള സംഘര്‍ഷത്തിനിടയാക്കും. വിജില്‍, ഓട്ടോഡ്രൈവര്‍, കോഴിക്കോട്
ദീര്‍ഘദൂരയാത്രയ്ക്ക് ഓട്ടോറിക്ഷ സുരക്ഷിതമല്ല-കേന്ദ്ര സമിതി
ഓട്ടോറിക്ഷകള്‍ ദീര്‍ഘദൂരയാത്രകള്‍ക്ക് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് സി.ഇ.ഒ. അംബുജ് ശര്‍മയുടെ നേതൃത്വത്തില്‍ ഉപരിതലഗതാഗതമന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആറുവരി ദേശിയപാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും ഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. മറ്റൊരിടത്തും ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റില്ല.
പുതിയ നിയമം ഉയരുന്ന ചോദ്യങ്ങള്‍
സംസ്ഥാനം മുഴുവന്‍ ഓടാനുള്ള പെര്‍മിറ്റ് ആര്‍ക്കാണ് ഗുണംചെയ്യുക. അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ഓട്ടോക്കാര്‍ക്ക് അത്യാവശ്യത്തിന് അതിര്‍ത്തി കടക്കാന്‍ കഴിയും. ഇപ്പോള്‍ ഇങ്ങനെ വരുകയാണെങ്കില്‍ അതിര്‍ത്തി കഴിഞ്ഞ് എന്തെങ്കിലും അപകടം പറ്റിയാല്‍ ഇന്‍ഷുറന്‍സ് തുക കിട്ടില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.