കാസര്‍കോട്ടും ബി.എസ്.എന്‍.എല്‍. 4ജി, എട്ട് ടവറുകള്‍ തുടങ്ങി രണ്ടാം ഘട്ടത്തില്‍ 20 എണ്ണം കൂടി

കാസര്‍കോട്: ജില്ലയിലുടനീളം 4ജി കണക്ടിവിറ്റി എത്തിക്കാനൊരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. ആദ്യഘട്ടത്തില്‍ എട്ട് ടവറുകളുടെ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് ടെലിഫോണ്‍ എക്‌സ്ചേഞ്ച്, തളങ്കര, കാസര്‍കോട് ഫോര്‍ട്ട്, വിദ്യാനഗര്‍, നുള്ളിപ്പാടി, കളനാട്, സൗത്ത് കളനാട്, ചെമ്മനാട് എന്നീ ഭാഗങ്ങളിലാണ് 4ജി സേവനം പൂര്‍ണസജ്ജമായത്. രണ്ടാംഘട്ടത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 20 ടവറുകള്‍ ഒരുങ്ങും. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാംഘട്ടത്തില്‍ കുമ്പള മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശമേഖലയില്‍ 24 ടവറുകളാണ് നിര്‍മിക്കുക. സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് ഓഫ് ടെലിമാറ്റിക്‌സ്, തേജസ് നെറ്റ്വര്‍ക്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നിവയുമായി സഹകരിച്ചാണ് ബി.എസ്.എന്‍.എല്‍. 4ജി സേവനം ഒരുക്കുന്നത്. പുതിയ ടവറുകള്‍ക്കു പുറമെ, നിലവിലുള്ള ടവറുകള്‍ 4ജി-യിലേക്ക് ഉയര്‍ത്താനും പദ്ധതിയുണ്ട്.
4ജി സാച്ചുറേഷന്‍ പദ്ധതി
കേന്ദ്രസര്‍ക്കാരിന്റെ 4ജി സാച്ചുറേഷന്‍ പദ്ധതിയിലൂടെ 31 ടവറുകളാണ് ജില്ലയില്‍ ഒരുങ്ങുക. വനമേഖല ഉള്‍പ്പെടെയുള്ള ഉള്‍പ്രദേശങ്ങളിലെ ഗുണഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. കാസര്‍കോട് ഭാഗത്ത് മല്ലംപാറ, കടുമനട്ക്ക, സായ, സാലത്തടുക്ക, ബെംഗരപ്പദവ്, മുളക്കല്ല്, കല്‍മിഞ്ച, കടുമന, പുത്രക്കള, ചാപ്പക്കല്‍, ആവള എന്നീ 11 ഇടങ്ങളിലാണ് ടവര്‍ സജ്ജീകരിക്കുക. കാഞ്ഞങ്ങാട് ഭാഗത്ത് ചേരന്നൂര്‍, വളഞ്ഞങ്ങാനം, നാലുകുന്ന്, ഘടിക്കാല്‍, മീനഞ്ചേരി, കപ്പള്ളി, മരുതുംകുളം, പാറക്കടവ്, എടക്കാനം, തുമ്പേരി, മട്ടക്കുന്ന്, കോളംകുളം, ചെറിയാക്കര, ഞണ്ടാടി, അട്ടക്കുഴി, റാണിപുരം, കുളപുരം, പെരുമുണ്ട, അടുക്കം, കോയിത്തടുക്കം എന്നിവിടങ്ങളില്‍ ടവറുകള്‍ സ്ഥാപിക്കും. നിലവില്‍ പണ്ടി മല്ലംപാറ, ഞണ്ടാടി, അട്ടക്കുഴി എന്നിവിടങ്ങളില്‍ നിര്‍മിച്ച ടവറുകള്‍ പ്രവര്‍ത്തനസജ്ജമാണ്. സാങ്കേതികാനുമതികൂടി ലഭിച്ചാല്‍ എല്ലാ ടവറുകളും ഈ വര്‍ഷംതന്നെ പ്രവര്‍ത്തനം തുടങ്ങും.
സ്വകാര്യടവറുകളിലൂടെയും സേവനം
ഇതുവരെ ബി.എസ്.എന്‍.എല്‍. സേവനമില്ലാത്ത സ്വകാര്യടവറുകളുമായി സഹകരിച്ച് 4ജി സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 32 സ്വകാര്യ മൊബൈല്‍ടവറുകളില്‍ വൈകാതെതന്നെ 4ജി സേവനം ലഭിക്കും. നിശ്ചിത തുക വാടകയിനത്തില്‍ നല്‍കിയാണ് ഇത്തരത്തില്‍ 4ജി സേവനം ലഭ്യമാക്കുക.
5ജി 2025-ല്‍
4ജി സൗകര്യം വിപുലമാക്കിയതിനുശേഷം അടുത്തവര്‍ഷം 5ജി വേഗത്തില്‍ ഒരുക്കാനും ബി.എസ്.എന്‍.എല്‍. പദ്ധതിയിടുന്നു. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിലേക്ക് പുതിയ വരിക്കാര്‍ ഏറെയെത്തിയിരുന്നു. 4ജിയും 5ജിയും വരുന്നതോടെ ബി.എസ്.എന്‍.എല്‍. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.