പത്തനംതിട്ട: ബി.എസ്.എന്‍.എല്‍. മൊബൈല്‍ സേവനത്തില്‍ ചില മേഖലകളില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കല്‍ പ്രക്രിയ മൂലം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്. നിലവിലുള്ള 2ജി, 3ജി ടവറുകളിലെ ഉപകരണങ്ങള്‍ മാറ്റി 4ജി സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പഴയ 2ജി സേവനം നിലനിര്‍ത്താനുള്ള ശ്രമമാണ് പ്രധാനമായും നടത്തുന്നത്. സ്മാര്‍ട്ട് ഫോണുകളല്ലാത്തവ ഉപയോഗിക്കുന്ന ആളുകളില്‍ നല്ലൊരു ശതമാനത്തിന്റെ കൈവശം 2ജി സേവനത്തിന് ഉതകുന്ന കീപ്പാഡ് ഫോണുകളാണുള്ളത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്.) തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ നടപ്പാക്കുമ്പോള്‍, 2ജി യിലുള്ള ഉപഭോക്താക്കളെ കൈവിടരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. മൊബൈല്‍ സേവനമെത്തിക്കുന്നതില്‍ 4ജിക്ക് പായ്ക്കറ്റ് സ്വിച്ചിങ്ങും 2ജിക്ക് സര്‍ക്യൂട്ട് സ്വിച്ചിങ്ങുമാണ് ഉപയോഗിക്കുന്നത്. 2ജി സേവനം നല്‍കേണ്ടെങ്കില്‍ പായ്ക്കറ്റ് സ്വിച്ചിങ് വഴി കോളുകള്‍ വരുകയും പോകുകയും ചെയ്യും.
എന്നാല്‍, കീപ്പാഡ് ഫോണുകളിലേക്ക് 4ജിയിലുള്ള ഒരു സിഗ്‌നല്‍ വരുമ്പോള്‍ അതിനെ 2ജിക്ക് ഇണങ്ങുന്ന തരത്തിലേക്ക് മാറ്റണം. അതിനുവേണ്ടി ബി.എസ്.എന്‍.എല്‍., സര്‍ക്യൂട്ട് സ്വിച്ച്ഡ് ഫോള്‍ബാക്ക്(സി.എസ്.എഫ്.ബി.) എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഫോണ്‍ 2ജി ആണോ എന്ന് സ്വമേധയാ തിരിച്ചറിഞ്ഞ് 4ജി കട്ട് ഓഫായി 2ജിയിലേക്ക് മാറുകയാണ് സി.എസ്.എഫ്.ബി.യിലൂടെ നടക്കുന്നത്. പുതിയ ടവര്‍ സ്ഥാപിക്കുമ്പോള്‍ ഈ സാങ്കേതികവിദ്യയുടെ ട്യൂണിങ് കൃത്യമാക്കുന്ന പ്രവര്‍ത്തനവും നടക്കുന്നുണ്ട്. അതിനാല്‍ ചിലപ്പോള്‍ കോളുകളില്‍ പ്രശ്‌നങ്ങള്‍ കണ്ടെന്നുവരാം. ട്യൂണിങ് കൃത്യമാക്കുന്നതോടെ അത് പരിഹരിക്കപ്പെടും. സംസ്ഥാനത്ത് നിലവില്‍ 1000 ടവറുകളില്‍ 4ജി ഉപകരണങ്ങള്‍ ഘടിപ്പിച്ചുകഴിഞ്ഞു. 700 എണ്ണം പ്രവര്‍ത്തിച്ചുതുടങ്ങി. ഒക്ടോബറിനുമുമ്പ് കേരളത്തില്‍ 2500 ടവറുകള്‍ എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മറ്റു കമ്പനികളുടെ താരിഫ് വര്‍ധനമൂലം ബി.എസ്.എന്‍.എല്ലിലേക്ക് വരിക്കാരുടെ വരവ് കൂടിയതിനെത്തുടര്‍ന്ന് 4ജി നടപ്പാക്കലിന് വേഗം കൂട്ടിയിട്ടുണ്ട്. ഒക്ടോബറിനുമുമ്പ് സംസ്ഥാനത്തെ 4000 ടവറുകളില്‍ 4ജി സേവനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്ത് അടുത്ത മാര്‍ച്ചിനകം ഒരു ലക്ഷം ടവറുകളില്‍ സേവനമെത്തിക്കും. 5ജി സേവനംകൂടി നല്‍കാന്‍ കഴിയുന്ന ഉപകരണങ്ങളാണ് ടി.സി.എസ്. വികസിപ്പിച്ചത്. 5ജി സേവനം എന്നുമുതല്‍ എന്ന കാര്യത്തിലുള്ള തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.