ഈ വർഷം സംസ്ഥാനത്ത് കൊതുക് കൊന്നത് 105 പേരെ, രോഗക്കിടക്കയിലായത് പതിനായിരങ്ങൾ

Share our post

കണ്ണൂർ: മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന് 1897-ൽ സർ റൊണാൾഡ് റോസ് കണ്ടുപിടിച്ചപ്പോൾ ലോകം അമ്പരന്നു. കൊതുകോ! പിന്നീട് വൈറസ് രോഗങ്ങൾ ഉൾപ്പെടെ പലതും പരത്തുന്നത് കൊതുകുകളാണെന്ന് തെളിയിക്കപ്പെട്ടു. മൂളിയും മൂളാതെയുമൊക്കെ എത്തുന്ന കൊതുക് ഒരു ഭീകരജീവിയാണെന്ന് മരണങ്ങൾ സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ വർഷം സംസ്ഥാനത്ത് കൊതുക് കൊന്നത് 105 പേരെ.

കൊതുക് പരത്തിയ ഡെങ്കിപ്പനി, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം എന്നിവയാണ് ഇത്രയും മരണംവിതച്ചത്. പതിനായിരങ്ങളെയാണ് കൊതുകുകൾ ഈവർഷം രോഗക്കിടക്കയിലാക്കിയത്.

കേരളത്തിൽ 153 സ്പീഷീസുകൾ

ക്യുലിസിഡേ ആണ് കൊതുകുകളുടെ കുടുംബം. അതിന് കീഴിൽ രണ്ട് ഉപകുടുംബങ്ങൾ. അനൊഫിലിനെയും ക്യുലിസിനെയും. രണ്ടും കേരളത്തിലുണ്ട്. അനൊഫിലിനേയ്ക്ക് കീഴിൽ മൂന്ന് ജനുസ്സുകളും ക്യുലിസിനേക്ക്‌ കീഴിൽ 38 ജനുസ്സുകളുമുണ്ട്. അനൊഫിലിനേയ്ക്ക് കീഴിലുള്ള അനൊഫിലസ് മാത്രമേ ഇവിടെനിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തിൽ നിന്നാണ്.

ജനുസുകൾ

അനൊഫിലിനേ ഉപകുടുംബത്തിലുള്ള ഏക ജനുസ്സാണ് അനൊഫിലസ്. ഇതുവരെയായി 40 അനൊഫിലസ് സ്പീഷീസുകളാണ് കേരളത്തിൽ കണ്ടെത്തിയത് (തന്മാത്രാ വിശകലനത്തിലൂടെ അനൊഫിലസ് സബ്പിക്റ്റസിന്റെ രണ്ട് രൂപങ്ങൾ കേരളത്തിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ശുദ്ധജലത്തിൽ വളരുന്ന അനൊഫിലസ് സബ്പിക്റ്റസ്-എയും ഉപ്പുവെള്ളത്തിൽ വളരുന്ന അനൊഫിലസ് സബ്പിക്റ്റസ്-ബിയും).

ഈഡിസ്- (32 സ്പീഷീസുകൾ), ആർമിജെറസ് (ഏഴ്), കൊക്ക്വിലെറ്റിഡിയ(ഒന്ന്), ക്യൂലെക്സ് (31), ഫിക്കാൽബിയ (ഒന്ന്), ഹീസ്മാനിയ (അഞ്ച്), ഹോഡ്ഗേഷിയ (ഒന്ന്), ലൂട്സിയ (ഒന്ന്), മലയ (ഒന്ന്), മാൻസോണിയ (മൂന്ന്), മിമോമിയ(മൂന്ന്), ഓർത്തോപോഡോമിയ (രണ്ട് ), യൂറനോടീനിയ(13), ടോപ്പോമിയ( ഒന്ന്), ട്രിപ്റ്റെറോയിഡെസ് (രണ്ട്), ടോക്സോറിൻഖൈറ്റിസ് (രണ്ട് ), വെറാലിന (ഏഴ്) എന്നിവയാണ് ക്യുലിസിനേ ഉപകുടുംബത്തിലുള്ള സംസ്ഥാനത്തെ ജനുസുകൾ.

കൊതുക് പരത്തുന്ന രോ​ഗങ്ങൾ

മലമ്പനി- അനൊഫിലസ്
ഡെങ്കി, ചിക്കുൻ​ഗുനിയ, സിക- ഈഡിസ്
ജപ്പാൻജ്വരം, വെസ്റ്റ്നൈൽപനി,മന്ത്- ക്യൂലക്സ്
മന്ത്- മാൻസോണിയ

വിവരങ്ങൾക്ക് കടപ്പാട്

ഡോ. പി.കെ. സുമോദൻ

മുൻ പ്രൊഫസർ

ഗവ. കോളേജ്, മടപ്പള്ളി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!