ഇരിട്ടി : കർണാടക വഴി കേരളത്തിലേക്കു സാധ്യതയുള്ള എല്ലാവിധ നിയമവിരുദ്ധ നീക്കങ്ങളും ലഹരി – മയക്കുമരുന്ന് കടത്തുകളും തടയാനായി അതിർത്തിയിൽ കൂട്ടുപുഴ പാലത്തിനു സമീപം പൊലീസ്, എക്സൈസ് ചെക്പോസ്റ്റുകളിൽ ഓണം സ്പെഷൽ ഡ്രൈവ് തുടരുകയാണ്. അതിർത്തി ചെക്പോസ്റ്റ് കടന്നു യാതൊരു കടന്നുകയറ്റങ്ങളും നടക്കരുതെന്നും ഓണം പ്രമാണിച്ചു പ്രത്യേക പരിശോധന നടത്തണമെന്നും ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദേശങ്ങളും ചുമതലയിലുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, ചെക്പോസ്റ്റുകളിൽ വാഹനം നിർത്തിക്കാനുള്ള ക്രോസ് ബാർ മുതൽ യാതൊരു അടിസ്ഥാന സുരക്ഷാ സൗകര്യങ്ങളും ഇല്ലെന്നതു വകുപ്പ് മേധാവികളും ബന്ധപ്പെട്ടവരും വിസ്മരിക്കുകയാണ്. ഭീതിയുടെ നിഴലിലാണ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തുന്നത്.പൊലീസിനും എക്സൈസിനും പുറമേ മോട്ടർ വാഹന വകുപ്പിനും ഇവിടെ ചെക്പോസ്റ്റ് ഉണ്ട്. ഈ 3 ചെക്പോസ്റ്റുകൾക്കും കൂടി റോഡിന് കുറുകെ ഒരു നിയന്ത്രണ സംവിധാനം (ക്രോസ് ബാർ) മതിയെങ്കിലും ഒരു വകുപ്പും നടപടി സ്വീകരിച്ചിട്ടില്ല. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾ കൈകാണിച്ചു നിർത്തിച്ചു ‘അവരുടെ ദയാവായ്പിൽ’ പരിശോധന നടത്തേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ. തൊട്ടപ്പുറത്ത് കർണാടകയും വനം, പൊലീസ് ചെക്ക് പോസ്റ്റുകളിൽ ബാരിക്കേഡ് ഗേറ്റ് തന്നെ പരിശോധനയ്ക്ക് സ്ഥാപിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയിട്ടും കണ്ണുതുറക്കാതെ
എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥനെ 2 മാസം മുൻപ് പരിശോധനയ്ക്കിടെ മയക്കുമരുന്ന് കടത്തു സംഘം വാഹനത്തിനുള്ളിലാക്കി തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവം ഉണ്ടായിട്ടും വാഹനം നിർത്തിക്കാൻ ശാസ്ത്രീയ സംവിധാനം സ്ഥാപിക്കാൻ ഒരു വകുപ്പും തയാറായിട്ടില്ല. സമാനമായ 3 സംഭവങ്ങൾ കൂടി ചെക്ക് പോസ്റ്റിൽ ഉണ്ടായിട്ടുണ്ട്.
ചെക്പോസ്റ്റുകളും പാലത്തിന് സമീപം ചേർന്നാണുള്ളത്. പാലം കലയിൽ റോഡിനു വീതിയും കൂടുതലാണ്. ഓണം സ്പെഷൽ ഡ്രൈവ് ആരംഭിച്ചിട്ടും എക്‌സൈസ് ചെക്പോസ്റ്റിൽ ഇൻസ്പെക്ടർ ഇല്ലാത്തതു മറ്റൊരു വെല്ലുവിളിയാണ്. 3 ഇൻസ്പെക്ടർമാർ വേണ്ട സ്ഥലത്ത് ഒരാളെ മാത്രമാണു കഴിഞ്ഞ ദിവസം നിയമിച്ചത്. ഇരിട്ടി ഇൻസ്പെക്ടർക്കാണ് കൂട്ടുപുഴയുടെ അധിക ചുമതല. നിലവിൽ ഇരിട്ടി സർക്കിളിന്റെ അധിക ചുമതല മട്ടന്നൂർ സർക്കിൾ മേധാവിക്കാണ്. നിയമനം ലഭിച്ച ഇൻസ്‌പെക്‌ടർ ചാർജ് എടുത്തിട്ടുമില്ല.
വൈദ്യുതിയും വെള്ളവും ഇല്ലാ എയ്ഡ് പോസ്റ്റ്
ദീർഘകാലത്തെ ആവശ്യങ്ങൾക്കു ഒടുവിലാണ് കഴിഞ്ഞ ജൂൺ 30 ന് പൊലീസിന് പുതിയ എയ്ഡ് പോസ്റ്റ് കെട്ടിടം അനുവദിച്ചു ഉദ്ഘാടനം നടത്തിയത്. വൈദ്യുതീകരണം നടത്താതെയായിരുന്നു ഉദ്ഘാടനം. 15 ദിവസം കൊണ്ട് വൈദ്യുതി ലഭ്യമാക്കുമെന്നായിരുന്നു അധികൃതർ അന്നു പറഞ്ഞത്. ഒന്നര മാസം കഴിഞ്ഞിട്ടും വൈദ്യുതി ലഭിച്ചില്ല. വെള്ളം കിട്ടാനും സൗകര്യം ക്രമീകരിച്ചിട്ടില്ല. വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ ശുചിമുറി സൗകര്യങ്ങളും ലഭ്യമല്ല.