കൃഷിയുടെ പാഠശാലയായി ഒരു പോലീസ് സ്റ്റേഷൻ

കുറവിലങ്ങാട്(കോട്ടയം): ശിശുസൗഹൃദ പാർക്കും തണൽ ലഘുഭക്ഷണശാലയും ശിശുസൗഹൃദമുറിയും ഒരുക്കി ശ്രദ്ധനേടിയ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ കൃഷിവിളഞ്ഞു. സ്റ്റേഷൻ പരിസരത്തെ കൃഷിപാഠശാലയുടെ മാതൃകാകൃഷിത്തോട്ടത്തിൽ കക്കിരിക്കയാണ് വിളവെടുപ്പിന് പാകമായത്. കുറഞ്ഞ ചെലവിൽ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കാൻ പറ്റുന്നവിധത്തിൽ പാരമ്പര്യത്തനിമയും സാങ്കേതികവിദ്യകളും ചേർത്തുള്ള തോട്ടമാണ് തയ്യാറാക്കിയിരിക്കുന്നത്. ജൂലായ് 10-ന് വൈകീട്ടായിരുന്നു വിത്തീടിൽ. ഓഗസ്റ്റ് 20-ന് വിളവെടുപ്പ് നടക്കും. കുറവിലങ്ങാട് കൃഷിഭവന്റെ കീഴിലുള്ള കാർഷിക കൂട്ടായ്മയായ കാർഷിക സഫാരി ക്ലബ്ബ് നടത്തിയ പത്ത് കൃഷിയാത്രകളിൽ നിന്ന് ലഭിച്ച അറിവുകളാണ് ഇവിടെ പ്രാവർത്തികമാക്കിയിരിക്കുന്നത്.
കൃഷിഭവൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും സഹകരണത്തിലുമാണ് പോലീസിന്റെ കൃഷിപാഠശാല മുന്നോട്ട് പോകുന്നത്. 20 സെന്റിനടുത്ത് പരിസരം കാടുകയറിയനിലയിലായിരുന്നു. പതിറ്റാണ്ടുമുമ്പ് ഇവിടെ തയ്യാറാക്കിയ മഴമറയുടെ കീഴിൽ പോലീസ് പിടികൂടി സൂക്ഷിച്ചിരുന്ന വാഹനങ്ങളും കാടുകയറിയിരുന്നു. പരമ്പരാഗത കൃഷിരീതി, പോളിഹൗസ് കൃഷി, ജലസേചനമാർഗങ്ങളായ ഡ്രിപ്- സ്പ്രിങ്‌ളർ, ഫെർട്ടിഗേഷൻ സിസ്റ്റം, പ്ലാസ്റ്റിക് മൾച്ചിങ്, പന്തൽകൃഷി, ഗ്രോബാഗ് കൃഷി തുടങ്ങിയവയെല്ലാം കോർത്തിണക്കി പ്രായോഗിക അറിവുപകരുന്ന ഒരു കാർഷിക പാഠശാലയാണിന്നിവിടം. കർഷകർ, യുവജനങ്ങൾ, വീട്ടമ്മമാർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങി ചെറുതുംവലുതും ആയ കൃഷിചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് നേരിൽകണ്ട് നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കി പ്രായോഗികമാക്കുവാൻ ഇവിടെ അവസരമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 3.30-നാണ് വിളവെടുപ്പ് ഉത്സവം.