വേനലായാലും വർഷമായാലും ഏലക്കാടുകളിൽ സങ്കടപ്പെരുമഴ; രോഗബാധയകറ്റാം ഫലപ്രദമായി

Share our post

കടുത്തവേനലിലും ഉഷ്ണതരംഗത്തിലും ഏലച്ചെടി ഉണങ്ങിനശിച്ചതിന് പിന്നാലെ മഴക്കാലരോഗങ്ങളും കർഷകനെ കണ്ണീർ കുടിപ്പിക്കുന്നു. മുൻ വർഷങ്ങളിൽ മഴയിൽ ഏലച്ചെടികൾക്ക് വ്യാപകമായി കണ്ടിരുന്ന അഴുകൽ, തട്ടമറിച്ചിൽ രോഗങ്ങൾ കൂടാതെ മൊസൈക്ക് രോഗം, പൂവ് കൊഴിച്ചിൽ, കൂമ്പുവാടൽ മറ്റ് അജ്ഞാതരോഗങ്ങളും കർഷകരെ പിടികൂടിയിട്ടുണ്ട്. രോഗബാധ കനത്തതോടെ ഇത്തവണ ഉത്പാദനം കുത്തനെ ഇടിയുമെന്ന ആശങ്കയിലാണ് കർഷകർ.

മൊസൈക്ക് രോഗവും കൂമ്പുചീയലും

പോയ സീസണിൽ ഉണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ മഴക്കാലം എത്തിയതോടെ ഉത്പാദനം വർധിപ്പിക്കാൻ കർഷകർ പദ്ധതിയിട്ടിരുന്നു. എന്നാൽ മഴ ശക്തമായതോടെ പൂവ്കൊഴിച്ചിലും കൂമ്പുചീയലും മൊസൈക്ക് രോഗവും വ്യാപകമായി. ഇതോടെ ശ്രമത്തിന് ശക്തമായ തിരിച്ചടി നേരിട്ടു. അജ്ഞാതമായ പല രോഗങ്ങളും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് കർഷകർ.

രോഗബാധയകറ്റാം ഫലപ്രദമായി

മഴ ശക്തമാവുമ്പോൾ അഴുകലും തട്ടമറിച്ചിലുമാണ് ഏലച്ചെടിയെ ബാധിക്കുക. കുമിളുകളുടെ ആക്രമണമാണ് കാരണം. ശ്രദ്ധിച്ചാൽ ഏലക്കാടുകളിൽനിന്നു രോഗവാഹകരായ കുമിളുകളെ തുരത്താം. മഴക്കാലം ആരംഭിക്കുമ്പോൾ തന്നെ മണ്ണ് പരിശോധിച്ച് പി.എച്ച്. മൂല്യം 5.7-ൽ നിലനിർത്തണം ഇതിനായി കുമ്മായം ഉപയോഗിക്കാം. വളപ്രയോഗത്തിനൊപ്പം തന്നെ രോഗം വരാതിരിക്കാൻ വേണ്ട കരുതലെടുക്കാം. രോഗബാധയില്ലാത്ത തോട്ടങ്ങളിൽ 90 കിലോ ചാണകത്തിനും 10 കിലോ വേപ്പിൻപിണ്ണാക്കിനുമൊപ്പം ഒരു കിലോ ട്രൈക്കോഡർമ ചേർത്ത് വളപ്രയോഗം നടത്തി രോഗബാധ പ്രതിരോധിക്കാം.

ഇലകളിൽ ബോഡോ മിശ്രിതമോ, സ്യുഡോമോണസ് ഫ്ളോറസെൻസൊ ഒരു ശതമാനം എന്ന നിരക്കിൽ വെള്ളത്തിൽ ചേർത്ത് തളിക്കണം. രോഗബാധ കണ്ടെത്തുന്ന തോട്ടങ്ങളിൽ സി.ഒ.സി. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എന്ന അളവിലോ അല്ലെങ്കിൽ ഫോസ്‌ഫേറ്റ് അലുമിനിയം ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം എന്ന നിലയിലോ ചേർത്ത് പ്രയോഗിക്കാം. മഴ സമയത്താണെങ്കിൽ കുമിൾനാശിനിക്കൊപ്പം പശകൂടി ചേർത്ത് പ്രയോഗിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!