പാരമ്പര്യത്തെ ചേര്‍ത്തുപിടിച്ച്, കൃഷിയെ പ്രാണവായുവായി കരുതുന്ന ചേകാടിക്കാര്‍ക്കുള്ള അംഗീകാരമാണീ സംസ്ഥാന കര്‍ഷകപുരസ്‌കാരം. 2023-’24 വര്‍ഷത്തെ ജൈവകൃഷി നടത്തുന്ന മികച്ച ഊരിനുള്ള പുരസ്‌കാരമാണ് ചേകാടിയെ തേടിയെത്തിയിരിക്കുന്നത്. പരമ്പരാഗത നെല്‍ക്കൃഷി തുടര്‍ന്നുപോരുന്ന വനാന്തരഗ്രാമമാണ് ചേകാടി.
മൂന്നുഭാഗം വനത്താലും ഒരു ഭാഗം പുഴയാലും ചുറ്റപ്പെട്ടുകിടക്കുന്ന ചേകാടിയില്‍ കരഭൂമിയെക്കാള്‍ കൂടുതല്‍ വയലാണുള്ളത്. 165 ഏക്കര്‍ നെല്‍വയലുണ്ടിവിടെ. ചേകാടിയിലെ പാടശേഖരത്തില്‍ നെല്‍ക്കൃഷിയെടുക്കുന്നതില്‍ 90 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരാണ്. 55 കുടുംബങ്ങളിലെ 216 ആദിവാസികര്‍ഷകരാണിവിടെ കൃഷിചെയ്ത് ജീവിക്കുന്നത്. അടിയ, പണിയ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് കൂടുതലും. പാടം തരിശ്ശിടാതെ എല്ലാവര്‍ഷവും മുടങ്ങാതെ നെല്‍ക്കൃഷി ചെയ്യുന്ന ജില്ലയിലെ ഏറ്റവുംവലിയ പാടശേഖരങ്ങളിലൊന്നാണിതെന്നും കൃഷിക്ക് മണ്ണൊരുക്കുന്നതുമുതല്‍ കീടരോഗനിയന്ത്രണംവരെ എല്ലാം പരമ്പരാഗതരീതിയിലാണിവിടെ ചെയ്യുന്നതെന്നും പുല്പള്ളി കൃഷി ഓഫീസര്‍ അനുജോര്‍ജ് പറഞ്ഞു.
പരമ്പരാഗത നെല്ലിനങ്ങളായ വലിച്ചൂരിയും ഗന്ധകശാലയുമൊക്കെയാണ് പ്രധാനമായും കൃഷിയിറക്കുന്നത്. സുഗന്ധനെല്ലിനമായ ഗന്ധകശാലമാത്രം 30 ഏക്കറില്‍ കൃഷിചെയ്യുന്നുണ്ട്. വന്യമൃഗശല്യം വലിയ വെല്ലുവിളിയായതിനാല്‍ രാത്രി കാവലിരുന്നാണ് ഇവിടത്തെ കര്‍ഷകര്‍ കൃഷിസംരക്ഷിക്കുന്നത്.
ഗന്ധകശാല മണക്കുന്ന വനഗ്രാമം
കര്‍ണാടകയില്‍നിന്ന് കുടിയേറിയ ചെട്ടിസമുദായക്കാരായിരുന്നു ഈ ഗ്രാമത്തിനെ നെല്‍ക്കൃഷിയിലേക്ക് വഴികാട്ടിയത്. ഗന്ധകശാലയും ജീരകശാലയുമടക്കം പുരാതനമായ നെല്‍വിത്തുകളുടെ ശേഖരംതന്നെ ഈ പാടത്തുണ്ടായിരുന്നു. ഇപ്പോഴും വയനാട്ടില്‍ ഏറ്റവുംകൂടുതല്‍ ഗന്ധകശാല നെല്ല് കൃഷിചെയ്യുന്നത് ചേകാടിയിലാണ്. കൃഷി ഇവര്‍ക്ക് ജീവിതചര്യയാണ്. കാടിനെ മഴ തൊടുമ്പോള്‍ കൃഷിയാരവങ്ങളായി. ഗോത്രകുലങ്ങളും കര്‍ഷകരും മഴയുടെ അനുഗ്രഹവര്‍ഷം പൂജചെയ്ത് സ്വീകരിക്കും.
മെലിഞ്ഞുണങ്ങിയ കബനി ഒഴുക്കിനെ വീണ്ടെടുക്കുമ്പോള്‍ വയലുകളില്‍ ചതുരക്കളങ്ങളായി ഞാറ്റുപാടങ്ങളാണ് ആദ്യം ഒരുങ്ങുക. കൊമ്മകളിലും പത്തായത്തിലുമായി ഉണക്കിസൂക്ഷിച്ച നെല്‍വിത്തുകളാണ് ചേറ്പുരണ്ട പാടത്തേക്ക് ആദ്യം വിതയ്ക്കുക. ഓരോ നെല്ലിനത്തിനും പ്രത്യേകമായി ഇടമുണ്ട്. കാടിന് നടുവിലെ ഈ പാടശേഖരങ്ങള്‍ ഏത് പ്രതികൂല കാലാവസ്ഥയിലും തരിശിടാറില്ല. നൂറ്റാണ്ടിലെ പ്രളയകാലത്തെയെല്ലാം തോല്‍പ്പിച്ചും മുന്നേറിയതാണ് ഇവരുടെ ജീവിതഗാഥകള്‍.
ഗ്രാമത്തിന്റെ പുരാവൃത്തം
ചേകാടിയിലേക്കുള്ള കുടിയേറ്റത്തിന് മൂന്നു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കര്‍ണാടകയില്‍നിന്ന് കാട് കടന്നെത്തിയവരാണ് ഇവിടത്തെ ആദിമതാമസക്കാര്‍ എന്നാണ് നിഗമനം. ബാവലിപ്പുഴകടന്ന് ഒരുകാലത്ത് കേരളത്തിന്റെ തീരത്തേക്കെത്തിയവരുടെ ആവാസസ്ഥലമായും ചേകാടിയും പരിസരവും മാറിയെന്ന് ചരിത്രം പറയുന്നു. അടിയ, പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗക്കാരും ചെട്ടിമാരും ചേര്‍ന്നെഴുതിയതാണ് ചേകാടിയുടെ ചരിത്രം. 225 ഏക്കറോളം വയലും 40 ഏക്കറോളം തോട്ടവുമാണ് ഇവിടെയുള്ളത്.
കബനിയുടെ വരദാനം
നാലുഭാഗവും കാടുള്ള ചേകാടിയെ തഴുകിയാണ് കബനി ഒഴുകുന്നത്. അനേകം കൈവഴികളിലൂടെ പലദിക്കുകളില്‍നിന്നും ഒന്നായിച്ചേര്‍ന്ന് കബനി ഇവിടെ വലിയൊരു ഒറ്റനദിയായി കാടുകടന്ന് പോകുന്നു. ഈ തീരദേശത്താണ് ഗന്ധകശാല നെല്ലിനം ഇന്ന് ശേഷിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ വാഴയും നാണ്യവിളകളും വയലുകളെ തരംമാറ്റുന്ന തിരക്കിലും ചേകാടിക്കാര്‍ക്ക് ഈ വയലുകള്‍ വയലായിത്തന്നെ നിലനില്‍ക്കണമെന്ന ആഗ്രഹമാണുള്ളത്.
ഫോട്ടോ: പി. ജയേഷ്
പാല്‍തൊണ്ടി, ചോമാല, മുള്ളന്‍ചണ്ണ, തവളക്കണ്ണന്‍ തുടങ്ങിയ നെല്ലിനങ്ങളും മുമ്പ് ഇവിടെ കൃഷിചെയ്തിരുന്നു. വീടിനോടുചേര്‍ന്ന വലിയ പത്തായപ്പുരകളില്‍ നെല്ല് സമ്പാദ്യമായി കണക്കാക്കി ആത്മനിര്‍വൃതിപൂണ്ട കൃഷിക്കാരുടെ പിന്‍തലമുറകളാണ് ഈ നാടിന്റെ വഴികാട്ടികള്‍. വിഷംകലരാത്ത മണ്ണിന്റെ ഉടമകളെന്ന വിലാസം കഴിയുന്നിടത്തോളം സൂക്ഷിക്കാനാണ് ഇവരുടെ ഇന്നത്തെ പരിശ്രമം
സ്ട്രീറ്റില്‍ ഇടം തേടിയ ഗ്രാമം
ജില്ലാ ആസ്ഥാനമായി കല്‍പ്പറ്റയില്‍ നിന്നും ചേകാടിക്ക് 35 കിലോമീറ്റര്‍ ദൂരമുണ്ട്. മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം ബാവലി വഴി 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചേകാടിയിലെത്താം. ബാവലിപ്പുഴയുടെ തീരം ചേര്‍ന്നുള്ള പാതയിലൂടെ കാടിനെയും ഗ്രാമങ്ങളെയും തൊട്ടറിഞ്ഞ് ഒമ്പത് കിലോമീറ്ററോളമുള്ള യാത്ര സഞ്ചാരികളുടെ പ്രീയപ്പെട്ട വഴിയാണ്. മാനന്തവാടിയില്‍ നിന്നും കൊയിലേരി പയ്യമ്പള്ളി ദാസനക്കര വഴി കുറുവാ ദ്വീപിലേക്കുള്ള വഴി പിന്നിട്ട് കാട് കടന്നാലും ചേകാടി ഗ്രാമത്തിലെത്താം. ഇതിലൂടെ യാത്ര തീരുമാനിച്ചാലും 19 കിലോമീറ്റര്‍ സഞ്ചരിക്കണം. മറ്റൊരു റൂട്ട് പുല്‍പ്പള്ളിയില്‍ നിന്നാണ്. ഇവിടെ നിന്നും ഒരു കെ.എസ്.ആര്‍.ടി.സി ബസ്സ് ചേകാടിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കാടിന്റെ തണലിലൂടെയുള്ള കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് ഇതിനകം ശ്രദ്ധനേടിയതാണ്.
ഈ മൂന്ന് വഴികളിലൂടെയാണെങ്കിലും കാട് കടക്കാതെ ചേകാടിയിലെത്താന്‍ കഴിയില്ല. ഈ യാത്രകള്‍ തന്നെയാണ് സഞ്ചാരികളെയും വിസ്മയിപ്പിക്കുക. സഞ്ചാരികള്‍ക്കായി സ്വാകാര്യ റിസോര്‍ട്ടുകളും പരിസരങ്ങളിലുണ്ട്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഇടനാഴികൂടിയായി ചേകാടിയെ പരിഗണിക്കുന്നുണ്ട്. ഇവിടെയുള്ള പുല്ല് മേഞ്ഞ വീടുകള്‍. ഗോത്രസങ്കേതങ്ങള്‍, കബനിയുടെ തീരങ്ങള്‍. കൃഷിയിടങ്ങള്‍, ഇക്കോ ഷോപ്പുകള്‍ എന്നിവയെല്ലാം സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. വഴികാട്ടാനായി ചേകാടിയിലെ ഗ്രാമീണരുടെ കൂട്ടായ്മയായ നവ കൂട്ടായ്മയുണ്ടാകും. സ്ട്രീറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള ചേകാടിയുടെ റിസോഴ്സ് മാപ്പ് റെസ്പോണ്‍സിബിള്‍ ടൂറിസം അധികൃതര്‍ തയ്യാറാക്കി വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കേരള ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ ചേകാടിയുടെ സഞ്ചാര വഴികളെല്ലാം ലഭ്യമാകും. ഗ്രാമങ്ങളെ തൊട്ടറിഞ്ഞുള്ള യാത്രയക്ക് ഇതോടെ പുതിയ മാറ്റങ്ങളുണ്ടാകും.