കരിപ്പൂർ എയർപോർട്ടിലെ വാഹന പാർക്കിങ് സൗജന്യ സമയം ഇനി 11 മിനിറ്റ്; നിരക്ക് കുത്തനെ കൂട്ടി

Share our post

കരിപ്പൂർ വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയർത്തി. ഇത് വാഹനം പാർക്ക് ചെയ്യാതെ പുറത്തുപോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കും സന്ദർശകർക്കും ആശ്വാസമാകും.

എന്നാൽ, പാർക്കിങ് നിരക്കിൽ വർധനയുണ്ട്. മാത്രമല്ല, എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തി.ആദ്യത്തെ അര മണിക്കൂറിനും പിന്നീട് രണ്ട് മണിക്കൂർ വരെയുള്ള പാർക്കിങ്ങിനുമുള്ള നിരക്ക് ഇങ്ങനെ: കാറുകൾക്ക് (7 സീറ്റ് വരെ) 40 രൂപ. നേരത്തേ 20 രൂപ ആയിരുന്നു. അര മണിക്കൂർ കഴിഞ്ഞാൽ 65 രൂപ (നേരത്തേ 55 രൂപ).

മിനി ബസ്, എസ്‌യുവി (7 സീറ്റ് വാഹനങ്ങൾക്കു മുകളിൽ) 80 രൂപ.

(എസ്‌യുവി, മിനി ബസ് തുടങ്ങിയവ നേരത്തേ 20 രൂപ നിരക്കിൽ ഉൾപ്പെട്ടിരുന്നു) അര മണിക്കൂർ കഴിഞ്ഞാൽ 130 രൂപ.

ടാക്സി വാഹനങ്ങൾ (അതോറിറ്റിയുടെ അംഗീകാരമുള്ളത്) 20 രൂപ. നേരത്തേ നിരക്ക് ഉണ്ടായിരുന്നില്ല. അംഗീകാരമില്ലാത്ത വാഹനങ്ങൾക്ക് 226 രൂപ. അര മണിക്കൂറിനു ശേഷം 276. പാർക്കിങ് ഇല്ലാതെ അകത്തു കയറി പുറത്തിറങ്ങിയാൽ 283 രൂപ.ഇരുചക വാഹനങ്ങൾക്ക് 10 രൂപയും അര മണിക്കൂർ കഴിഞ്ഞാൽ 15 രൂപയും.

പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കു പുറത്തു കടക്കാൻ സമയം നിശ്ചയിച്ചിട്ടുണ്ട്. രാജ്യാന്തര ടെർമിനലിനു സമീപത്തും ടെർമിനലിനു മുൻവശത്ത് താഴ്ന്ന ഭാഗത്തും ഉളള പാർക്കിങ് സ്ഥലങ്ങളിൽനിന്നും പുറത്തു കടക്കാനുള്ള സമയപരിധി 9 മിനിറ്റ് ആണ്. ആഭ്യന്തര ടെർമിനലിനു സമീപത്തെ പാർക്കിങ് സ്‌ഥലത്തെ കവാടത്തിൽനിന്ന് പുറത്തുകടക്കാനുള്ള സമയം 7 മിനിറ്റും. നേരത്തേ ഇത്തരത്തിൽ സമയ പരിധി ഉണ്ടായിരുന്നില്ല. പാർക്കിങ് സ്‌ഥലത്തുനിന്ന് പുറത്തിറങ്ങിയാൽ വാഹനങ്ങൾ വഴിയിൽ നിർത്തിയിടുന്നത് ഒഴിവാക്കുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയുമാണ് ഉദ്ദേശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!