‘അതിരു മാന്തിയതിനും വേലി പൊളിച്ചതിനും വഴി തടഞ്ഞതിനും
വാഹനത്തിന് സൈഡ് കൊടുക്കാത്തതിനും വെള്ളം മുടക്കിയതിനും
കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിനും…. (പട്ടിക നീളും)
ആളുകള്‍ പരാതിയുമായി സ്റ്റേഷനിലേക്ക് വന്നു കൊണ്ടേയിരിക്കുന്നു.. ‘
കുറിപ്പിന്റെ പൂർണ രൂപം വായിക്കാം
ചൂരൽമല , മുണ്ടക്കയം ദുരന്തത്തിനുശേഷം ഉണ്ടായ മരവിപ്പിൽ നിന്നും മുക്തനാവുന്നില്ല.
എഴുത്തില്ല. വായനയില്ല. Fb യിൽ ഒരു പോസ്റ്റ് പോലും ഇട്ടില്ല.
ഒന്നിനും വയ്യായിരുന്നു.
തിരക്കേറിയ ഡ്യൂട്ടിക്കിടയിലും
കണ്ണിൽ നിന്നും മായാത്ത കാഴ്ചകളെ കുടഞ്ഞെറിയാൻ കഴിയാതെ വരുന്നു.
ആദ്യ ദിവസം ഇൻക്വസ്റ്റ് ചെയ്യാനുള്ള ചുമതല എനിക്കും ഉണ്ടായിരുന്നു.
90 ൽപരം മൃതശരീരങ്ങളും ശരീരഭാഗങ്ങളുമാണ് ആദ്യ ദിവസം ഇൻക്വസ്റ്റ് ചെയ്തത്.
ഞങ്ങൾ ഒരു ടീമായി അതു ചെയ്തു.
ഹോ….
എൻ്റെ ജീവതത്തിൽ അത്തരം അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.
കൈ കാലുകളും
പാതി ഉടലും
തലയറുക്കപ്പെട്ടതും
അല്ലാത്തതുമായ
മൃതശരീരങ്ങൾ.
തുണി പിഴിഞ്ഞത് പോലെ
എല്ലുകൾ നുറുങ്ങിപ്പോയി വെറും ഇറച്ചിയും തൊലിയുമായ
ആണും പെണ്ണും കുഞ്ഞുങ്ങളും.
ശരീരത്തിൽ നിന്നും
വലിച്ചു പറിച്ചത് പോലെ
തൂങ്ങിക്കിടക്കുന്ന
പച്ചമാംസം.
ഇൻക്വസ്റ്റ് സമയത്ത് മൃതദേഹങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താൻ
മേപ്പാടി CHC യിലെ താൽക്കാലിക ഇൻക്വസ്റ്റ് മുറിയിൽ അപ്പഴത്തെ
അവസ്ഥയിൽ പറ്റാതെ വരുന്നല്ലോ
എന്ന് പരസ്പരം പറഞ്ഞു.
എന്നിട്ടും ഞങ്ങൾ അത് ഉറപ്പുവരുത്തി.
മൊബൈൽ ഫോണുമായി ഷൂട്ട് ചെയ്യാൻ വരുന്നവരെ ചീത്ത പറഞ്ഞ് ഓടിച്ചു.
ഓരോ ബോഡി കഴിയുമ്പോഴും
ഓരോ ഉദ്യോഗസ്ഥരും തളർന്നു പോവുന്നത് കണ്ടു.
ഞങ്ങുടെ ആരുടെയും ഔദ്യോഗിക ജീവിതത്തിൽ അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവില്ല എന്ന് ഉറപ്പാണ്.
ഞാൻ
തോൽപ്പെട്ടി ചെക്പോസ്റ്റ് ഡ്യൂട്ടി ചെയ്ത് കൊണ്ടിരിക്കേ പുലർച്ചെയാണ് വിവരം അറിയുന്നത്.
നേരം പുലർന്നാൽ duty Rest ആണ്.
എങ്കിലും
മേലാപ്പീസിൽ പറഞ്ഞ് താൽപ്പര്യപ്പെട്ട്
ഉച്ചയോടെ മേപ്പാടിയിൽ എത്തി.
മുറിയിൽ ഇൻക്വസ്റ്റ് നടക്കുമ്പോഴും
ആർത്തനാദത്തോടെ
ആമ്പുലൻസ് ചീറിപ്പാഞ്ഞ് വന്നു കൊണ്ടിരുന്നു.
ഉറ്റവരെ തിരഞ്ഞ് തിരഞ്ഞ് ഞങ്ങളിലേക്ക് വന്നു കൊണ്ടിരുന്ന
നിസ്സഹായരായ
വെറും മനുഷ്യർ.
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന്
ഉഴറുന്ന ജനപ്രതിനിധികൾ .
ഒറ്റപ്പെട്ടു പോയ മകൾ.
ഇടയ്ക്കിടെ അപ്പൻ്റെ മുഖം തുണി നീക്കി നോക്കി
നിലവിളിച്ചു കൊണ്ടിരുന്ന തമിഴ് പയ്യൻ.
ഇപ്പോൾ വരും വരും എന്ന്
കാത്തിരുന്നിട്ട്
മുമ്പേ അവിടെ എത്തിയിരുന്ന തലയില്ലാത്ത ശരീരം തൻ്റെ സ്വന്തക്കാരിയുടേതെന്ന്
രാത്രിയായപ്പോൾ മാത്രം
കൈയ്യിലെ മൈലാഞ്ചിച്ചോപ്പ് കണ്ട് തിരിച്ചറിഞ്ഞ
ബന്ധുക്കൾ.
വിരലറ്റത്ത് നിന്നും
പിടിവിട്ട് പോയല്ലോ എന്ന്
വിലപിക്കുന്നവർ,
ദൂരെ ജോലിസ്ഥലത്ത് നിന്നും
പാഞ്ഞെത്തി
വീട്ടുകാരെ കാണാതെയുള്ള
വാവിട്ട കരച്ചിലുകൾ.
എത്രയെത്ര അടയാളങ്ങൾ തിരഞ്ഞിട്ടും കാണാതെ
ഉഴറിപ്പോകുന്ന മക്കൾ, അച്ഛൻ,
അമ്മ, സഹോദരങ്ങൾ.
ഇതിലൊക്കെ
ഉപരിയായി
നിലവിളികൾ
അവസാനിപ്പിച്ച്
ആ വരാന്തയിൽ ഇരുന്നിരുന്ന
അനേകരുടെ മുഖങ്ങൾ.
എത്ര ശ്രമിച്ചിട്ടും
എനിക്കാ മുഖത്തെ
വികാരങ്ങൾ എന്തെന്ന്
വായിക്കാനായില്ല.
എല്ലാം പ്രതീക്ഷകളും
ഒടുങ്ങുമ്പോൾ
നമ്മളും അങ്ങിനെ
ഇരുന്നു പോയേക്കാം.
പിറ്റെ ദിവസം
തിരികെ സ്റ്റേഷനിൽ
എത്തി പതിവ് ഡ്യൂട്ടി ചെയ്തു വരുമ്പോൾ
ഒരു വിചാരം എന്നെ വന്ന്
മൂടിയിരുന്നു.
ആളുകൾ ഈ ദുരന്തത്തിൽ
നിന്നും പാഠം പഠിച്ചു കാണുമെന്ന്.
പക്ഷേ….
അതിരു മാന്തിയതിനും
വേലി പൊളിച്ചതിനും
വഴി തടഞ്ഞതിനും
വാഹനത്തിന് സൈഡ്
കൊടുക്കാത്തതിനും
വെള്ളം മുടക്കിയതിനും
കടം വാങ്ങിയ പണം തിരികെ
കൊടുക്കാത്തതിനും
തെറി പറഞ്ഞതിനും
അടിച്ചതിനും
ഭർത്താവ് എടുത്തിട്ട്
അലക്കിയതിനും
ഭാര്യ പിണങ്ങിയതിനും
(പട്ടിക നീളും)
ആളുകൾ
പരാതിയുമായി
സ്റ്റേഷനിലേക്ക്
വന്നു കൊണ്ടേയിരിക്കുന്നു.
__________
സാദിർ തലപ്പുഴ