26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി; പകരം വച്ചത് മുക്കുപണ്ടം

കോഴിക്കോട്: 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. മുക്കുപണ്ടംവച്ചതിനുശേഷമാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് 17 കോടി രൂപയുടെ തട്ടിപ്പ് പുറത്തായത്. കഴിഞ്ഞ മാസം ജയകുമാറിനെ പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റിയിരുന്നു. പുതുതായി ചാർജെടുത്ത മാനേജർ ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ബാങ്കിൽ പണയം വച്ച സ്വർണ ഉരുപ്പടികൾക്ക് പകരം മുക്ക് പണ്ടം വച്ചായിരുന്നു തട്ടിപ്പ്. 26 കിലോയുടെ മുക്ക്പണ്ടങ്ങളാണ് ബാങ്കിൽ നിന്നും കണ്ടെത്തിയത്.മധു ജയകുമാർ പാലാരിവട്ടത്ത് ചാർജ് എടുത്തില്ലെന്നും ഒളിവിൽ കഴിയുന്ന പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വടകര പോലീസ് പറഞ്ഞു.