നിലനിൽനിൽപ്പിനായി നിലമുഴുതു ‘ ശ്രമശക്തി’ യിലൂടെ ഇതാ കർഷകതിലകം

തളിപ്പറമ്പ്: അതിരാവിലെ മുതൽ സ്വന്തംപാടവും മറ്റുകർഷകരുടെ പാടവും ഉഴുതുമറിച്ച് ഞാറുനടുന്ന പട്ടുവം മംഗലശേരി പടിഞ്ഞാറെ കാക്കാമണി ബിന്ദുവിന് മികച്ച വനിതാ കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ കർഷകതിലകം പുരസ്കാരം. സ്വന്തമായുള്ള 15 സെന്റ് കൃഷിയിടത്തിന് പുറമെ വിവിധ സ്ഥലങ്ങളിൽ 50 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയാണ് ഈ നാൽപ്പത്തെട്ടുകാരി വിജയംകൊയ്തത്. നെല്ല്, പച്ചക്കറികൾ, ഉഴുന്ന്, ചെറുപയർ, എള്ള്, മുതിര, ചേന, മഞ്ഞൾ, ചെണ്ടുമല്ലി തുടങ്ങിയവ കൃഷി ചെയ്യുന്നു. വിവിധ പാടശേഖരങ്ങളിൽ നിലമൊരുക്കാൻ നടീൽ, കൊയ്‌ത്ത് യന്ത്രങ്ങൾ നൽകുന്നതിലും ഉപയോഗിക്കുന്നതിലും വിദഗ്‌ധയാണ്. ബ്രഷ് കട്ടർ മുതൽ മെതിയന്ത്രംവരെയുള്ള കാർഷിക യന്ത്രങ്ങൾ സ്വന്തമായുള്ള ബിന്ദു ഇവയെല്ലാം അനായാസം കൈകാര്യം ചെയ്യാനും റിപ്പയറിങ് നടത്തുന്നതിലും സമർഥ. കാർഷിക യന്ത്രങ്ങളുടെ പരിശീലനവും നൽകുന്നു. 2013ൽ മികച്ച കർഷകത്തൊഴിലാളിക്കുളള കൃഷി വകുപ്പിന്റെ ‘ശ്രമശക്തി’ പുരസ്കാരം ലഭിച്ചു.
ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ടി മനോഹരൻ തൊഴിൽ ഉപേക്ഷിച്ച് മുഴുവൻ സമയവും ബിന്ദുവിന് സഹായവുമായുണ്ട്. കംപ്യൂട്ടർ സയൻസ് വിദ്യാർഥിനി മൃദുല, എൻജിനിയറിങ് വിദ്യാർഥിനി മിഥുല എന്നിവർ മക്കളാണ്. കുടുംബവും കൃഷി വകുപ്പും നൽകുന്ന പ്രോത്സാഹനമാണ് കൃഷിയിൽ വിജയത്തിന് പിന്നിലെന്ന് ബിന്ദു പറഞ്ഞു.