ഒന്നാംനിലയിൽ നിന്ന് ചില്ല് തലയിൽ വീണ് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂര്‍: കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചില്ല് തലയില്‍ വീണ് ഫുട്പാത്തിലൂടെ നടന്ന യുവാവിന് ഗുരുതര പരിക്കേറ്റു. തൃശൂര്‍ നഗരത്തിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശിയായ ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഫൂട്പാത്തിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. ഗോപാലകൃഷ്ണനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം നിലയിലെ കടയില്‍ സ്ഥാപിച്ചിരുന്ന ചില്ലുപാളികളില്‍ ഒന്നാണ് അടര്‍ന്നു വീണത്. ചില്ല് ആദ്യം തൊട്ടുതാഴെയുള്ള ഷീറ്റിനുമുകളിലും പിന്നീട് ഫൂട്ട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലും വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഗോപാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇതുവഴിയുള്ള കാല്‍നടയാത്ര നിരോധിച്ചു. സേന സ്ഥലത്ത് തുടരുകയാണ്. കാലപ്പഴക്കമുള്ള കടയില്‍ നിന്നാണ് ചില്ല് വീണത്. കടയിലെ മറ്റ് ചില്ലുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ അഗ്നിരക്ഷാസേന കടയുടമയ്ക്ക് നിര്‍ദേശം നല്‍കി. ഗോപാലകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം.