വെന്റിലേറ്ററിൽ കിടന്നുള്ള നരകയാതന വേണ്ട, വിൽപ്പത്രമെഴുതി കുടുംബാംഗങ്ങൾ

Share our post

തിരുവനന്തപുരം: ജീവിതത്തിന്റെ അവസാന നാളുകളിൽ നരകയാതന അനുഭവിക്കാൻ വയ്യെന്ന വിൽപ്പത്രവുമായി ഒരു കുടുംബക്കൂട്ടായ്മ. കൊല്ലം പൂതക്കുളം തൊടിയിൽ കുടുംബത്തിലെ 65 അംഗങ്ങളാണ് ഇത്തരമൊരു സാക്ഷ്യപത്രം തയ്യാറാക്കിയത്. 18 മുതൽ 92 വരെ പ്രായമുള്ളവരാണിവർ. ഇവരുടെ വാർഷിക കുടുംബയോഗത്തിലാണ് ഇപ്രകാരം ഒരു സമ്മതപത്രം തയ്യാറാക്കിയത്. മരണം നൂറുശതമാനം ഉറപ്പായ കേസുകളിൽ ചികിത്സയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുൻകൂറായി തയ്യാറാക്കുന്ന സമ്മതപത്രമാണ് അഡ്വാൻസ് ഹെൽത്ത് കെയർ നിർദേശമെന്ന ‘ലിവിങ് വിൽ’.

രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർപോലും വിധിയെഴുതുന്ന ഘട്ടങ്ങളിൽ ബന്ധുക്കളുടെ പ്രേരണയിൽ ഒന്നോ രണ്ടോ അതിലധികമോ ദിവസം വെന്റിലേറ്ററിന്റെ സഹായം തേടുന്ന പ്രവണത നാട്ടിലുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകില്ലെന്നു മനസ്സിലാക്കിയതിനു ശേഷവും കൃത്രിമമായി ജീവൻ നിലനിർത്തണ്ടേതില്ലെന്നും ഇവരുടെ സമ്മതപത്രത്തിൽ പറയുന്നു. കുടുംബാംഗങ്ങളിൽ പലരുടെയും ദുരവസ്ഥ നേരിൽക്കണ്ടറിഞ്ഞിട്ടുണ്ട്. അതിനാൽ കുടുംബാംഗങ്ങളായ കൃഷ്ണകുമാർ, രാജി, വിനിൽ, സുഷമ എന്നിവർ ഇതിനു മുൻകൈയെടുത്തു. തുടർന്ന് കൊല്ലം ഗവ. മെഡിക്കൽ കോളേജിലെ മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷന്റെ സഹായം തേടി. 11-നു ചേർന്ന കുടുംബയോഗത്തിൽ ലിവിങ് വിൽ തയ്യാറാക്കുകയായിരുന്നു.

നിയമസാധുത കുറവ്; മാനുഷികമായി പരിഗണിക്കാം

ഒരാൾ ജീവിച്ചിരിക്കുമ്പോൾ മരണശേഷം നടപ്പാക്കാനായി എഴുതിത്തയ്യാറാക്കുന്ന നിർദേശങ്ങളും ആവശ്യങ്ങളുമാണ് വിൽപ്പത്രം. അതിനാൽ അയാളുടെ മരണശേഷമേ വിൽപ്പത്രത്തിനു നിയമസാധുതയുള്ളൂവെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. അതിനാൽ, ചികിത്സയുമായി ബന്ധപ്പെട്ട ഇത്തരം അഡ്വാൻസ് മെഡിക്കൽ ഹെൽത്ത് കെയർ വിൽപ്പത്രത്തിന് നിയമത്തിന്റെ പിൻബലം കുറവാണ്. രോഗിയുടെ അന്ത്യാഭിലാഷമെന്ന രീതിയിൽ ബന്ധുക്കൾക്കും മെഡിക്കൽ ബോർഡിനും തീരുമാനം നടപ്പാക്കാൻ സാധിക്കും. വാർദ്ധക്യമോ ഗുരുതരമായ രോഗാവസ്ഥയോ കാരണം ദുരിതവും വേദനയും അനുഭവിക്കുന്നവർക്ക് ഇത്തരം വിൽപ്പത്രങ്ങൾ ആശ്വാസം നൽകുമെങ്കിലും നിയമസാധുത കുറവാണ്. മാനുഷികപരിഗണനയുടെ പേരിൽ തീരുമാനങ്ങളെടുത്താലും ജീവിച്ചിരിക്കുന്നവർക്ക് ഇത്തരം തീരുമാനങ്ങളുടെ പേരിൽ ഭാവിയിൽ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന ആശങ്കകൾ നിലവിലുണ്ടെന്നും നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!