വയനാടിനായി കൈകോര്‍ക്കാന്‍ കണ്ണൂരിലെ മണിപ്പൂര്‍ വിദ്യാര്‍ഥികളും

Share our post

കണ്ണൂര്‍:വയനാടിന്റെ ദുഃഖത്തില്‍ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂര്‍ വിദ്യാര്‍ഥികള്‍ ആദ്യം ഒരുമിച്ച് മെഴുകുതിരികള്‍ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്ത് കൈമാറി. തുടര്‍ന്ന് മണിപ്പൂരിലെ പരമ്പരാഗത ആചാര പ്രകാരം വയനാട്ടില്‍ മരണപ്പെട്ടവരോടുള്ള ആദര സൂചകമായി മണിപ്പൂരി ഷോളും കൈമാറി. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മണിപ്പൂരില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാനായി മണിപ്പൂരിന്റെ പരമ്പരാഗത ആചാരപ്രകാരം എത്തിയത്. ഒരു ലക്ഷം രൂപ സഹായ ധനം കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം. കെ നവീന്‍ ബാബുവിന് വിദ്യാര്‍ഥികള്‍ കൈമാറി. യൂണിവേഴ്സിറ്റിയിലെ എല്‍. എല്‍ ബി വിദ്യാര്‍ഥി ഗൗലുങ്കമണിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പഠിക്കുന്ന മണിപ്പൂരി വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച തുകയാണ് സഹായ ധനമായി നല്‍കിയത്. മണിപ്പൂരില്‍ നിന്നുള്ള 50 ഓളം വിദ്യാര്‍ഥികള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി, പി.ജി, പി.എച്ച് ഡി തുടങ്ങിയ കോഴ്സുകള്‍ ചെയ്യുന്നുണ്ട്. ഇരുപതോളം വിദ്യാര്‍ഥികള്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. നഫീസ ബേബിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ കലക്ടറേറ്റില്‍ എത്തിയത്. യൂണിവേഴ്സിറ്റിയിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ 10 ലക്ഷം രൂപയോളം മുടക്കി ആദ്യ ഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്കിയിരുന്നതായും വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും ഡോ. നഫീസ പറഞ്ഞു. എല്ലാ ദിവസവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലും സംഭരണ കേന്ദ്രങ്ങളിലുമായി യൂണിവേഴ്സിറ്റിയിലെ 50 എന്‍. എസ്. എസ് അംഗങ്ങള്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെന്നും ഡോ. നഫീസ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!