ദുരന്തനിവാരണ അതോറിറ്റി വിദഗ്ധ സംഘം ഇന്ന് വയനാട്ടിൽ

Share our post

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്ന് പരിശോധിക്കും. ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനക്കായി വയനാട് എത്തുക. പുനരധിവാസത്തിന് പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. പത്ത് ദിവസത്തിനകം സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാവും പുനരധിവാസ-ടൗണ്‍ഷിപ്പ് പദ്ധതികള്‍ നടപ്പിലാക്കുക.

പ്രദേശത്ത് രണ്ട് ദിവസം നടത്തിയ ജനകീയ തിരച്ചിലിന് ശേഷം ഇന്നും നാളെയും ചാലിയാറില്‍ വിശദമായ പരിശോധനയാണ് സംഘടിപ്പിക്കുന്നത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തിരച്ചില്‍ നടത്തുക. ദുരന്ത ബാധിതരുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി ഇന്ന് പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.

60 അംഗ സംഘമാണ് ചാലിയാറില്‍ തിരച്ചില്‍ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകരെ അനുവദിക്കില്ല. വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘമായിരിക്കും തിരച്ചില്‍ നടത്തുക. പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങള്‍ തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചില്‍ നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!