സ്ട്രീം എക്കോ സിസ്റ്റം പദ്ധതി വരുന്നു; ഗവേഷണത്തിന്റെ വാതിൽ തുറന്ന് വിദ്യാലയങ്ങൾ

കണ്ണൂർ: പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിനു പ്രാധാന്യം കൊടുത്ത്, പുത്തൻ മാതൃകകൾ അവതരിപ്പിച്ച് സമഗ്രശിക്ഷാകേരളം. സ്ട്രീം എക്കോ സിസ്റ്റം എന്ന പദ്ധതി വഴി സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്രബോധം സൃഷ്ടിക്കാനും ഗവേഷണത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനരീതിക്കു പ്രാമുഖ്യം കൊടുക്കാനും കഴിയും. ഇതിന്റെ ഭാഗമായി ജില്ലയിലെ 15 ബി.ആർ.സി പരിധികളിൽനിന്നു തിരഞ്ഞെടുത്ത ഓരോ സ്കൂളിലും സ്ട്രീം ലേണിങ് ഹബ്ബുകൾ ഒരുങ്ങും. ഇതുമായി ഉന്നത വിദ്യാഭ്യാസ വകുപ്പും സഹകരിക്കുന്നുണ്ട്. പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ ഗവേഷണത്തിനും പ്രശ്നപരിഹാരത്തിനും കുട്ടികൾക്കു ധനസഹായം ലഭിക്കും.
പദ്ധതി ഇങ്ങനെ
∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായാണു ജില്ലയിലെ സ്കൂളുകൾ കൈകോർക്കുക. ആദ്യഘട്ടത്തിൽ ബിആർസികളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 5 പ്രോജക്ടുകൾ കൊച്ചി സർവകലാശാലയിൽ ചർച്ച ചെയ്തിരുന്നു.ഹബ് സ്കൂളും അതിനുചുറ്റുമുള്ള വിദ്യാലയങ്ങളും ചേർന്നതാണ് എക്കോ സിസ്റ്റം. ഒരു സ്ട്രീം പ്രോജക്ടിൽ രണ്ടിലധികം വിദ്യാലയങ്ങളിലെ 30 കുട്ടികളെ ഉൾപ്പെടും. അധ്യാപകർ സ്കൂൾ തലത്തിൽ നിർ9ദേശങ്ങൾ നൽകും. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ടും യു.പി വിഭാഗത്തിൽ നിന്ന് ഒരു പ്രോജ്കടുമാണു തയാറാക്കുക. ഓരോ ബി.ആർ.സികളിൽ നിന്നും 3 പ്രോജക്ടുകൾ വീതം ആകെ 45 പ്രോജക്ടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ബി.ആർ.സി തലത്തിൽ സ്ട്രീം പ്രോജക്ട് കോഓർഡിനേറ്റർമാരുമുണ്ടാകും. വിരമിച്ച അധ്യാപകർ, ബിആർസികളുമായി സഹകരിക്കുന്ന ഗവേഷകർ തുടങ്ങിയവരും പ്രോജക്ട് നിർവഹണത്തിനു സഹായിക്കും.
ശിൽപശാല 16നും 17നും
ഏതു വിഷയത്തിലാണോ പ്രോജക്ട് ചെയ്യുന്നത് ആ വിഷയം കൈകാര്യം ചെയ്യുന്ന ഗവേഷക സ്ഥാപനങ്ങളുമായി കൈകോർത്താണു പദ്ധതി നിർവഹിക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സെമിനാറുകൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കും.സ്ട്രീം ഹബ്ബിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ദ്വിദിന ശിൽപശാല 16, 17 തീയതികളിൽ കണ്ണൂരിൽ നടക്കും. സമഗ്രശിക്ഷാ കേരളവും കുസാറ്റും സംയുക്തമായാണു ശിൽപശാല സംഘടിപ്പിക്കുന്നത്.