ചാണകം ഇനി വളം മാത്രമല്ല, ചെടിച്ചട്ടിയുമാക്കാം

മണ്ണാർക്കാട് (പാലക്കാട്): ചാണകം വളം മാത്രമല്ല. ഇതുപയോഗിച്ച് ആകർഷകമായ ചട്ടികളുമുണ്ടാക്കാമെന്ന് തെളിയിക്കുകയാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം. പുതിയൊരു വിപണനസാധ്യത തുറന്നിടുന്നതിനൊപ്പം കാർഷികമേഖലയും വീട്ടുപരിസരങ്ങളും പരിസ്ഥിതി സൗഹൃദവും പ്ലാസ്റ്റിക് വിമുക്തവുമാക്കുകകൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് ഫാമുകളിൽ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തിൽ മാത്രമാണ് ചാണകച്ചട്ടി നിർമാണത്തിന് തുടക്കമിട്ടത്. വെറ്ററിനറി ബിരുദ വിദ്യാർഥികൾ ഇന്റേൺഷിപ്പിന്റെ ഭാഗമായുള്ള സംരംഭകത്വ വികസന പദ്ധതിയിലാണ് ചട്ടികൾ നിർമിച്ചെടുത്തത്. ജൂലായിലാണ് തുടക്കം. ഇതിനകം നൂറിനടുത്ത് ചട്ടികൾ നിർമിച്ചുകഴിഞ്ഞു. സർവകലാശാലയുടെ വിപണനകേന്ദ്രങ്ങൾവഴി വിറ്റഴിക്കാനാണ് തീരുമാനം. 500 ഗ്രാം തൂക്കമുള്ള ചട്ടികൾ 20 രൂപയ്ക്കാണ് വിൽക്കുക. 15 രൂപയേ നിർമാണച്ചെലവുള്ളൂ. പ്രത്യേകം നിർമിച്ച പോളിഹൗസിൽ പകുതി ഈർപ്പം നിലനിർത്തി ചാണകം ഉണക്കിയെടുക്കും. പിന്നീടിതിനെ കുഴച്ച് പരുവമാക്കിയശേഷം ചട്ടിയുടെ മാതൃകയിലുള്ള അച്ചിൽ നിറയ്ക്കും. ഇതെടുത്ത് ഒരാഴ്ചയോളം വെയിലിൽ ഉണക്കിയെടുക്കുന്നതോടെ ബലമുള്ളതായി മാറും.
ഒരുവർഷംനീണ്ട പരീക്ഷണത്തിനൊടുവിലാണ് ചട്ടിനിർമാണം സാധ്യമായത്. കന്നുകാലി ഫാമുകളിൽ നേരിടുന്ന മാലിന്യസംസ്കരണ പ്രതിസന്ധി മറികടക്കാനും ഇതുവഴി കഴിയുമെന്ന് ഗവേഷണകേന്ദ്രം മേധാവി എ. പ്രസാദ് പറഞ്ഞു. ഈർപ്പമുള്ള സ്ഥലങ്ങളിൽ ആറ് മാസത്തോളവും മറ്റിടങ്ങളിൽ ദീർഘകാലവും ചട്ടികൾ കേടുകൂടാതെയിരിക്കും. തൈകൾക്ക് വളരാനുള്ള വളവും ഇതിൽനിന്നു ലഭിക്കും. സ്ഥലസൗകര്യവും ചാണകത്തിന്റെ ലഭ്യതയും കണക്കിലെടുത്താണ് തിരുവിഴാംകുന്ന് ഫാമിനെ തിരഞ്ഞെടുത്തത്. ഇതിനുള്ള യന്ത്രസാമഗ്രിയും സർവകലാശാലയാണ് ലഭ്യമാക്കിയത്. വിദ്യാർഥികളായ ദിൽഷ കരീം, ജ്യോതിലക്ഷ്മി വിജയൻ, കെ. പദ്‌മ, നെഹാരിക ശിവദാസ്, കെ. ഹൃദ്യ, ആതിര മുരളി എന്നിവരാണ് ചട്ടിനിർമാണത്തിലേർപ്പെട്ടിരിക്കുന്നത്.