അതിവേഗ ചെക്ക് ക്ലിയറിങ്: പണം ഇനി ഞൊടിയിടയിൽ; വരുന്നു ഓണ്‍ റിയലൈസേഷന്‍ സെറ്റില്‍മെന്റ്

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90?
കൊച്ചി : ബാങ്കിങ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് അതിവേഗ ചെക്ക് ക്ലിയറിങ് സംവിധാനം ഏർപ്പെടുത്തും. മണിക്കൂറുകൾക്കുള്ളിൽ ചെക്ക് പാസാക്കി പണം ലഭ്യമാക്കാനുള്ള സംവിധാനമാണിത്. സാധാരണ ചെക്ക് മാറി പണംകിട്ടാൻ നിലവിൽ കുറഞ്ഞത് രണ്ടു പ്രവൃത്തി ദിവസമെങ്കിലും കാത്തിരിക്കണം.
ചെക്ക് ക്ലിയറിങ്ങിന് നിലവിലുള്ള ചെക്ക് ട്രങ്കേഷൻ സംവിധാനത്തിൽ (സി.ടി.എസ്) ഓരോ ദിവസവും ലഭിക്കുന്ന ചെക്കുകൾ ബാച്ചുകളായി തിരിച്ച് നിശ്ചിത സമയത്ത് ഒരുമിച്ച് ക്ലിയറിങ്ങിന് അയക്കുകയാണ് ചെയ്യുന്നത്. ചെക്കുകൾ നൽകിയ വ്യക്തിയുടെ ശാഖയിലേക്ക് നേരിട്ട് അയയ്‌ക്കാതെ സ്‌കാൻ ചെയ്‌ത് ഇലക്‌ട്രോണിക് രൂപത്തിൽ ക്ലിയറിങ് ഹൗസുകളിലേക്കാണ് അയയ്‌ക്കുക. ഇത് കൂടുതൽ വേഗത്തിലാക്കാൻ, സി.ടി.എസിൽ അതിവേഗം ഇടപാട് പൂർത്തിയാക്കുന്ന പുതിയ സംവിധാനം (ഓൺ- റിയലൈസേഷൻ- സെറ്റിൽമെന്റ്) കൊണ്ടുവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
യു.പി.ഐ ഇടപാടുകൾ കൂടുതൽ ജനപ്രിയമാക്കാൻ ‘ഡെലിഗേറ്റഡ് പേമെന്റ്‌സ് സംവിധാനം’ കൊണ്ടുവരാനും ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. യു.പി.ഐ ബന്ധിത ബാങ്ക് അക്കൗണ്ടുള്ള വ്യക്തിക്ക് തന്റെ അക്കൗണ്ടിലെ തുക മറ്റൊരാൾക്ക് യു.പി.ഐ വഴി ഉപയോഗിക്കാൻ അനുവാദം നൽകാവുന്ന സംവിധാനമാണിത്. യു.പി.ഐ.യുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഇതോടെ യു.പി.ഐ ഇടപാട് നടത്താനാകും.