‘കേന്ദ്രസർക്കാർ കേരളത്തിനൊപ്പമുണ്ട്’; വയനാടിനെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി; കണ്ണൂരേക്ക് മടങ്ങി

Share our post

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി ദുരിതം കണ്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനൊപ്പം ഭാരത സർക്കാരുണ്ടെന്ന് വയനാട് കളക്ടറേറ്റിൽ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. ദുരിതബാധിതർക്ക് ഒപ്പം നിൽക്കുക എന്നതിനാണ് പ്രാധാന്യം. ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ചു നിന്നു. കേരളത്തിനൊപ്പം കേന്ദ്രമുണ്ട്. എല്ലാ വിവരങ്ങളും കേന്ദ്രത്തിന് നൽകാൻ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തഭൂമി സന്ദർശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു.

തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒൻപതുപേരെ പ്രധാനമന്ത്രി നേരിൽ കണ്ടാശ്വസിപ്പിച്ചു. വിംസ് ആസ്പത്രിയിൽ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സൈന്യം ചൂരൽമലയിൽ നിർമ്മിച്ച ബെയ്‍ലി പാലത്തിലൂടെ പ്രധാനമന്ത്രി നടക്കുകയും ചെയ്തു. കളക്ടറേറ്റിലെ യോഗത്തിന് ശേഷം കണ്ണൂരിലേക്ക് പ്രധാനമന്ത്രി മടങ്ങി. വൈകീട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ദുരന്തഭൂമിയിൽ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാർഗമാണ് ദുരന്തമുണ്ടായ ചൂരൽമലയിൽ എത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!