കണ്ണൂർ ജില്ലയിൽ മലമ്പനി പ്രതിരോധം ശക്തമാക്കി

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മറുനാടൻ തൊഴിലാളികളിലാണ് സാധാരണ മലമ്പനി കണ്ടിരുന്നത്. എന്നാൽ തദ്ദേശീയമായി നാല് കേസുകൾ താവക്കര ഭാഗത്ത് കണ്ടെത്തി. താവക്കരയിലെ ബസ് സ്റ്റാൻഡിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയാണ്. രോഗികളെ അതിവേഗം കണ്ടെത്തി ശരിയായ ചികിത്സ നൽകുന്നതിലൂടെ രോഗ സംക്രമണം തടയാനാവും.

കൊതുകിനെ നശിപ്പിക്കാൻ വെക്ടർ കൺട്രോൾ വിഭാഗം രാത്രിയിൽ ഫോഗിങ് ശക്തമാക്കി. രാത്രി ജോലി ചെയ്യുന്നവരിൽ രക്ത പരിശോധന നടത്താൻ പ്രത്യേക സംഘവും പ്രവർത്തിക്കുന്നു. മറുനാടൻ തൊഴിലാളികളിൽ മലമ്പനി, മന്ത് എന്നിവയുണ്ടോ എന്ന് പരിശോധിച്ചിരുന്ന മിസ്റ്റ് സംഘം ഇപ്പോൾ നാട്ടിൽ രാത്രി 12 വരെ പ്രത്യേക പരിശോധനകൾ നടത്തുകയാണ്. രാത്രിയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർ, ഓട്ടോതൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, ഹോട്ടൽ ജീവനക്കാർ എന്നിവരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പത്ത് മിനിറ്റ് കൊണ്ട് ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ്, സ്ലൈഡ് സ്‌മിയർ പരിശോധനകൾ എന്നിവയും നടത്തുന്നുണ്ട്. പനിയുള്ളവരിൽ പ്രത്യേക ടെസ്റ്റുകളുമുണ്ട്. പൊതു ഇടങ്ങളിലെ ഫോഗിങ്ങിന് പുറമെ സാധ്യതാ പ്രദേശങ്ങളിൽ വീടുകൾ,എംസ്ഥാപനങ്ങൾ എന്നിവയിലും പ്രത്യേകം ഫോഗിങ്ങ് നടത്തുന്നുണ്ട്.

കൊതുകുജന്യ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മലമ്പനി. പ്‌ളാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാൽസിപ്പാരം, പ്ലാസ്‌മോഡിയം മലേറിയേ എന്നീ ഏകകോശ ജീവികൾ ആണ് ഈ രോഗത്തിന് കാരണമാകുന്നത്. അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. ഈ കൊതുക് സാധാരണമായി രാത്രിയിലാണ് കടിക്കുക. അതിനാൽ രാത്രി കാലങ്ങളിലാണ് രോഗ സംക്രമണം നടക്കുക.

രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒൻപത് മുതൽ 14 ദിവസത്തിനകം മലമ്പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഇടവിട്ടുള്ള ശക്തിയായ പനി, കുളിരും വിറയലും, പനി മാറുമ്പോഴുള്ള അമിതമായ വിയർപ്പ്, തലവേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ മലമ്പനി മരണകാരണമാകാം. വിളർച്ചയും, കരൾ, പ്ലീഹ മുതലായവയുടെ വീക്കവും ഉണ്ടാകാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!