ചട്ടിത്തൊപ്പിയിട്ട് പോലീസിനെയും ക്യാമറയേയും പറ്റിക്കാം; തല സേഫാകാന്‍ ഹെല്‍മറ്റ് സ്‌ട്രോങ്ങാകണം

Share our post

ഹെല്‍മെറ്റില്ലെങ്കില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് പിഴ വീഴും. റോഡുകളില്‍ എ.ഐ. ക്യാമറ സ്ഥാപിക്കുകയും വാഹനപരിശോധന കര്‍ശനമാക്കുകയും ചെയ്തപ്പോള്‍ പിഴയൊഴിവാക്കാന്‍ മിക്കവരും ഹെല്‍മെറ്റ് ധരിക്കാറുണ്ട്. എന്നാല്‍ പിഴയൊടുക്കാതിരിക്കാനുള്ള ഉപായം മാത്രമായി ഹെല്‍മെറ്റിനെ കാണരുതെന്നാണ് അധികൃതര്‍ക്ക് പറയാനുള്ളത്.

കൃത്യമായ ഗുണനിലവാരമുള്ളതായിരിക്കണം ഹെല്‍മെറ്റുകള്‍. പോലീസിനെ വെട്ടിക്കാന്‍ റോഡരികില്‍നിന്നും കടകളില്‍നിന്നുമെല്ലാം വിലകുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിച്ചില്ലേല്‍ അതിനും പിഴയൊടുക്കേണ്ടിവരും. കാസര്‍കോട് ട്രാഫിക് യൂണിറ്റ് ഹെല്‍മെറ്റ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

പലരും ഹെല്‍മെറ്റ് എന്ന് തോന്നിക്കുന്ന ചട്ടിത്തൊപ്പികള്‍ക്ക് സമാനമായവയാണ് ധരിക്കാറുള്ളത്. എന്നാല്‍ ഒരു അപകടത്തില്‍പ്പെട്ടാല്‍ തലയെ സുരക്ഷിതമാക്കേണ്ട അവ തകരുമെന്ന് മാത്രമല്ല, ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും കാരണമാകും. അതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിറക്കുന്നവ മാത്രമേ ധരിക്കാവൂവെന്ന് ഓര്‍മപ്പെടുത്തുകയാണ് പോലീസ്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പുമായി ചേര്‍ന്ന് ട്രാഫിക് യൂണിറ്റ് ഹെല്‍മെറ്റ് വില്പന നടത്തുന്ന കടകളിലും പാതയോരങ്ങളിലെ വില്പനക്കാരുടെയടുത്തും പരിശോധന നടത്തി. നിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ വില്പന നടത്തരുതെന്ന മുന്നറിയിപ്പും നല്‍കി. ഇരുചക്രവാഹന യാത്രക്കാരെ പരിശോധിച്ചതില്‍ ഗുണനിലവാരം കുറഞ്ഞ ഹെല്‍മെറ്റുപയോഗിച്ച മൂന്നുപേര്‍ക്ക് പിഴയുമിട്ടു.

കാസര്‍കോട് ട്രാഫിക് യൂണിറ്റ് എസ്.എച്ച്.ഒ. എം.പി. പ്രദീഷ്‌കുമാര്‍, എസ്.ഐ. ഒ.ആര്‍. മോഹനന്‍, എ.എസ്.ഐ. പി. അഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.രാജേഷ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍മാരായ എസ്. വിദ്യാധരന്‍, ആര്‍. ഹരികൃഷ്ണന്‍, ഉദ്യോഗസ്ഥരായ ടി.വി. പവിത്രന്‍, ഷാജി കുരുക്കള്‍, കെ. സീതു എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക; വില്‍ക്കുമ്പോഴും

ബി.ഐ.എസ്. നിലവാരമുണ്ടായിരിക്കണം
ഐ.എസ്. 4151:2015 പ്രകാരമുള്ള സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. അല്ലാത്തവയുടെ നിര്‍മാണവും വിപണനവും

കുറ്റകരം

വ്യാജ ഐ.എസ്.ഐ. മാര്‍ക്ക് ഉള്ള ഹെല്‍മെറ്റുകള്‍ വില്പന നടത്തിയാല്‍ പിടിവീഴും
പുറംതോടു മാത്രമായ ഗുണനിലവാരമില്ലാത്തവ വില്‍ക്കരുത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!