എയിംസുകളില്‍ നഴ്‌സിങ് ഓഫിസര്‍മാരാവാന്‍ അവസരം; പൊതുപരീക്ഷ സെപ്റ്റംബറിൽ

രാജ്യത്തെ 15 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകളിലേക്ക് നഴ്‌സിങ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായുള്ള പൊതു യോഗ്യതാപരീക്ഷയ്ക്ക് (NORCET) അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 15-നാണ് പ്രാഥമികപരീക്ഷ. മുഖ്യപരീക്ഷ ഒക്ടോബർ നാലിന് നടക്കും. രണ്ടുഘട്ടങ്ങളിലും ഓൺലൈനായിട്ടായിരിക്കും പരീക്ഷ.
ന്യൂഡൽഹി, ഭട്ടിൻഡ (പഞ്ചാബ്), ഭുവനേശ്വർ (ഒഡിഷ), ബിലാസ്‌പുർ (ഹിമാചൽപ്രദേശ്), ദിയോഗർ (ഝാർഖണ്ഡ്), ഗൊരഖ്പുർ (ഉത്തർപ്രദേശ്), ഗുവാഹാട്ടി, ജോധ്പുർ, കല്യാണി (പശ്ചിമബംഗാൾ), മംഗളഗിരി (ആന്ധ്രാപ്രദേശ്), നാഗ്പുർ (മഹാരാഷ്ട്ര), പട്‌ന (ബിഹാർ), റായ്ബറേലി (ഉത്തർപ്രദേശ്), ഋഷികേശ് (ഉത്തരാഖണ്ഡ്), വിജയ്‌പുർ (ജമ്മു) എന്നിവിടങ്ങളിലെ എയിംസുകളിലാണ് നിയമനം. ഓരോ ആശുപത്രിയിലെയും ഒഴിവുകളുടെ എണ്ണം അവസാനതീയതിക്ക് മുൻപായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
യോഗ്യത: ബി.എസ്‌സി. നഴ്‌സിങ് അല്ലെങ്കിൽ ബി.എസ്‌സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്. അല്ലെങ്കിൽ ജനറൽ നഴ്‌സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമയും 50 കിടക്കകളുള്ള ആശുപത്രികളിൽ രണ്ടുവർഷത്തെ സേവനപരിചയവും. അപേക്ഷകർ സംസ്ഥാന/ഇന്ത്യൻ നഴ്‌സിങ് കൗൺസിലിൽ രജിസ്റ്റർചെയ്തിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും: www.aiimsexams.ac.in അവസാനതീയതി: ഓഗസ്റ്റ് 21-ന് വൈകിട്ട് അഞ്ചുവരെ.