രൂപയുടെ തകർച്ച, പ്രവാസികൾക്ക് നേട്ടമാക്കാം; നാട്ടിലേക്ക് പണമയയ്ക്കാന്‍ പറ്റിയ സമയം

ദോഹ: ഡോളറിനെതിരെ വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമായി. നാട്ടിലേക്ക് പണമയയ്ക്കാന്‍ നല്ല സമയമാണിത്. വിനിമയ നിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കുതിക്കുകയാണ്. ചൊവ്വാഴ്ച ഖത്തര്‍ റിയാല്‍ രൂപക്കെതിരെ 22.92 എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ചരിത്രത്തിലെ തന്നെ മികച്ച മുന്നേറ്റമാണിത്. ഒരു റിയാലിന് 22.90 മുതല്‍ 22.94 വരെയാണ് ചൊവ്വാഴ്ച വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ ഒരു റിയാലിന് നല്‍കിയ നിരക്ക്. മാസത്തിന്‍റെ തുടക്കമായതിനാല്‍ നാട്ടിലേക്ക് പണമയയ്ക്കുന്നവര്‍ക്ക് ഇത് മികച്ച സമയമാണ്. ഓണ്‍ലൈന്‍ ആപ്പ് വഴിയുള്ള പണമിടപാടിനാണ് ഈ നിരക്ക്. എന്നാല്‍ എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി പണം അയയ്ക്കുമ്പോള്‍ നിരക്കില്‍ മാറ്റമുണ്ടാകാം. യുഎഇ ദിര്‍ഹം രൂപയ്ക്കെതിരെ 22.86 എന്ന ഉയര്‍ന്ന നിരക്കിലെത്തിയിട്ടുണ്ട്.