മഴക്കൊയ്ത്ത്; ഇവിടെ മഴയിൽ കരുതിവെക്കുന്നത് 47 ലക്ഷം ലിറ്റർ വെള്ളം

രാജപുരം (കാസർകോട്): പാഴാക്കാൻ വെള്ളമില്ല. ഒറ്റ മാസത്തെ മഴക്കൊയ്ത്തിൽ കൃഷിയിടത്തിൽ 47 ലക്ഷം ലിറ്റർ വെള്ളം സംഭരിച്ച് അധ്യാപകനും കുടുംബവും. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ രാജേഷ് സ്‌കറിയയും കർഷകനായ പിതാവ് സ്‌കറിയ മാത്യുവും ചേർന്നാണ് 40-ഉം ഏഴും ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന രണ്ട് കൂറ്റൻ ജലസംഭരണികൾ കൃഷിയിടത്തിൽ ഒരുക്കിയിരിക്കുന്നത്.
ഏഴുലക്ഷം ലിറ്റർ വെള്ളം ഉൾക്കൊളളുന്ന സംഭരണി 2018-ലാണ് പൂർത്തിയാക്കിയത്. 3.25 ലക്ഷം രൂപ ചെലവിൽ വീടിന് പിറക് വശത്തായി ചെങ്കല്ല് പ്രദേശം കുഴിച്ചുതാഴ്ത്തിയാണ് സംഭരണിയൊരുക്കിയത്. ഏഴ് മീറ്റർ വീതിയും 25 മീറ്റർ നീളവും നാല് മീറ്റർ ആഴവുമുള്ളതാണ് സംഭരണി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നീന്തൽക്കുളം കൂടിയാണിത്. മഴയെത്തുന്നതോടെ 15 ദിവസത്തിനകം സംഭരണി നിറയും. ഇതോടെയാണ് വെള്ളം പാഴാകാതെ സംഭരിക്കാൻ വലിപ്പമേറിയ പുതിയതൊന്നുകൂടി നിർമിക്കാൻ പൊതുപ്രവർത്തകൻ കൂടിയായ രാജേഷ് സ്‌കറിയയും പിതാവും തീരുമാനിച്ചത്.
തുടർന്നാണ് വീടിന് സമീപത്തെ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി 40 മീറ്റർ നീളത്തിലും 15 മീറ്റർ വീതിയിലും നാല് മീറ്റർ ആഴത്തിലും 40 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന പുതിയ സംഭരണി നിർമിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വളരെ വേഗത്തിൽ അതും നിറഞ്ഞുകവിഞ്ഞിരിക്കയാണ്.
സംഭരണിയൊരുക്കാൻ കൃഷിവകുപ്പിൽനിന്നും 75,000 രൂപ സഹായധനം ലഭിച്ചതൊഴിച്ചാൽ ബാക്കി മുഴുവൻ തുകയും സ്വന്തമായി കണ്ടെത്തിയാണ് കുടുംബം കൃഷിയിടത്തിൽ പച്ചപ്പ് നിലനിർത്താനും വെള്ളം സംഭരിക്കാനും മുന്നിട്ടിറങ്ങിയത്.
ശാസ്ത്രസാഹിത്യപരിഷത്തിന്റെ റീച്ചാർജിങ് സംവിധാനമുപയോഗിച്ച് വീട്ടിലെ കിണറും റീച്ചാർജ് ചെയ്യുന്നുണ്ട്. ഇതിനൊപ്പം റോഡിലൂടെ ഒഴുകിപ്പാഴാവുന്ന വെള്ളവും ചാലുകീറി വീട്ടുപറമ്പിൽ സംഭരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.