മൂന്നാം ദിവസവും കൂട്ടസംസ്കാരം, തിരിച്ചറിയാത്ത 22 ശരീരഭാഗങ്ങൾ ഇന്ന് സംസ്കരിച്ചു

Share our post

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങൾ സർവമതപ്രാർത്ഥനക്ക് ശേഷം ഇന്ന് സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്കാരം നടന്നത്. മണ്ണ് മാറ്റി നടത്തിയ തിരച്ചിലിലും ചാലിയാർ പുഴയിൽ നിന്നുമടക്കം ലഭിച്ച തിരിച്ചറിയാത്ത ശരീരഭാഗങ്ങളാണ് ഇന്ന് സംസ്കരിച്ചത്. പ്രത്യേക നമ്പർ രേഖപ്പെടുത്തിയ ശേഷമാണ് സംസ്കാരം. ഇത് മൂന്നാം ദിവസമാണ് കൂട്ട സംസ്കാരം നടക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. ഇതുവരെ ദൗത്യം നടക്കാതിരുന്ന സൺ റൈസ് വാലിയിലും ഇന്ന് തെരച്ചിൽ നടന്നു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. സംസ്കാരത്തിന് കൂടുതൽ സ്‌ഥലം ഏറ്റെടുക്കും.ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചാലിയാറിൽ നേവിയുടെ സഹായത്തോടെ കൂടുതൽ പരിശോധന നടത്തും. ഡി.എൻ.എ പരിശോധന സ്വകാര്യ ലാബിലും നടത്താമോയെന്ന് പരിശോധിക്കും. ദുരിത ബാധിതരെ സ്കൂളിലെ ക്യാമ്പിൽ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റും. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും. തെരച്ചിലിൽ തുടർ നടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യും. തകർന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നൽകാൻ തദ്ദേശ വകുപ്പ് കണക്ക് എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!