വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എന്തെല്ലാം വേണം? അറിയാന്‍ സൗകര്യമൊരുക്കി ഫെയര്‍ കോഡ്

Share our post

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും ബന്ധുക്കളെയും നഷ്ടപ്പെട്ട നിരവധി ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. അവരെ സഹായിക്കാനായി വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ എത്തുന്നുണ്ട്. അത് പണമായും അത്യാവശ്യം വേണ്ട സാധന സാമഗ്രികളായും അയക്കുന്നുണ്ട്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമുള്ളത് എന്തെല്ലാം വസ്തുക്കളാണ് എന്ന് എങ്ങനെ അറിയാനാവും ? കൊടുത്തുവിടുന്ന വസ്തുക്കള്‍ പാഴായി പോവാതിരിക്കാന്‍ ആവശ്യകത നോക്കി മാത്രമേ സാധനങ്ങള്‍ അയക്കാവൂ. ഇതിനുള്ള വഴിയാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയായ ഫെയര്‍കോഡ് ഒരുക്കിയ ഇആര്‍പി സോഫ്റ്റ് വെയര്‍.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി എത്തുന്ന സാധനങ്ങളുടെ സുഗമമായ വിതരണത്തിനായി വയനാട് കളക്ടറേറ്റ് അധികൃതർ ഉപയോഗിക്കുന്നത് ഈ പ്ലാറ്റ്‌ഫോം ആണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സാമഗ്രികളുടെ വിതരണം സുഗമമാക്കുന്നതിനും വസ്തുക്കൾ നശിച്ചുപോവുന്നതും കെട്ടികിടിക്കുന്നതുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഫെയർ കോഡ് ഇത് ഒരുക്കിയത്. ഇത്തരം ഒരു സംവിധാനത്തിന്റെ ആവശ്യകത മനസിലാക്കി തങ്ങൾ വയനാട് കളക്ടറേറ്റിനെ ബന്ധപ്പെടുകയായിരുന്നുവെന്ന് ഫെയര്‍ കോഡ് സി.ടി.ഒ രജിത് രാമചന്ദ്രന്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു.

വയനാട് ജില്ലയിലേക്ക് വിവിധ പ്രദേശങ്ങളില്‍ നിന്ന് ധാരാളം വസ്തുക്കള്‍ ആളുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, കളക്ടറേറ്റുകള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കളക്ടറേറ്റുകള്‍ വണ്ടികളില്‍ അയക്കുന്നുണ്ട്. ഇത് എല്ലാം ഒരു കളക്ഷന്‍ പോയിന്റില്‍ ആണ് എത്തുന്നത്. അതാണ് കലക്ടറുടെ ഓഫീഷ്യല്‍ കളക്ഷന്‍ സെന്റര്‍. നിലവില്‍ അത് പ്രവര്‍ത്തിക്കുന്നത് വയനാട്ടിലെ കല്‍പറ്റയിലുള്ള സെന്റ്. ജോസഫ് കോണ്‍വെന്റ് സ്‌കൂളിലാണ്. നേരിട്ട് ക്യാമ്പുകളില്‍ ഒന്നും സ്വീകരിക്കുന്നില്ല. ഇത്തരത്തില്‍ കളക്ഷന്‍ സെന്ററില്‍ എത്തുന്ന സാധങ്ങള്‍ എല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി അത് സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

അതിനു ശേഷം ഓരോ ക്യാമ്പുകളിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ആ ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കളക്ഷന്‍ സെന്ററില്‍ അറിയിക്കും. അത് അനുസരിച്ച് കളക്ഷന്‍ സെന്ററില്‍ നിന്നും ക്യാമ്പില്‍ ആവശ്യപ്പെട്ട സാധനങ്ങള്‍ എത്തിച്ചുകൊടുക്കും, അല്ലെങ്കില്‍ അവര്‍ ഇവിടെ ലിസ്റ്റുമായി വന്ന് എടുക്കും. ഇല്ലാത്തവ ഒരു ലിസ്റ്റ് ആക്കും. ഇതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ചുരുക്കമെന്ന് രജിത് രാമചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

നേരത്തെ കോവിഡ് കാലത്ത് ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് വേണ്ടി ബെവ് ക്യൂ ആപ്പ് തയ്യാറാക്കിയ കമ്പനിയാണ് ഫെയര്‍കോഡ്. ഈ ഈആർപി സോഫ്റ്റ് വെയര്‍ വഴി ക്യാമ്പുകളില്‍ എന്തെല്ലാം ആവശ്യമുണ്ട് എന്ന് മറ്റ് സ്ഥലങ്ങളിലുള്ളവര്‍ക്ക് അറിയാനാവും. മുഴുവന്‍ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോര്‍ട്ട്, അത്യാവശ്യമായി വേണ്ട സാധനങ്ങള്‍, സ്റ്റോക്ക് കുറവുള്ള സാധനങ്ങള്‍, സ്റ്റോക്ക് കൂടുതലുള്ള(ആവശ്യമില്ല എന്നല്ല) സാധനങ്ങള്‍ എന്നിവ വേര്‍തിരിച്ചറിയാനും സൗകര്യമുണ്ട്. ഇതുവഴി വസ്തുക്കള്‍ പാഴായിപ്പോവുന്നത് തടയാം.

ഫെയര്‍കോഡിന്റെ സ്‌റ്റോക്ക് ഇന്‍വെന്ററിയുടെ ലിങ്കുകള്‍ താഴെ നല്‍കുന്നു.

https://inventory.wyd.faircode.co/stock_inventory

https://inventory.wyd.faircode.co


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!