കേന്ദ്രം കനിഞ്ഞില്ലെങ്കിലും ഓണത്തിന് കൂടുതൽ റേഷൻ ഭക്ഷ്യധാന്യം

ആലപ്പുഴ: കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിലും ഓണക്കാലത്ത് റേഷൻകടകൾവഴി നീല, വെള്ള കാർഡുടമകൾക്ക് സംസ്ഥാനം പ്രത്യേക ഭക്ഷ്യധാന്യവിഹിതം അനുവദിക്കും. നിലവിലെ നീക്കിയിരിപ്പു കണക്കാക്കിയായിരിക്കും വിഹിതം നിശ്ചയിക്കുക. ഇതിനായി തിങ്കളാഴ്ച സെക്രട്ടേറിയറ്റിൽ ഭക്ഷ്യവകുപ്പ് യോഗംചേരും. റേഷൻവിഹിതം ഏറ്റവും കുറവുള്ള നീല, വെള്ള കാർഡുടമകൾക്ക് ഓണക്കാലത്തേക്കു മാത്രമായി പ്രത്യേക റേഷൻ ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞവർഷം അഞ്ചുകിലോ അരി വീതമാണ് നീല, വെള്ള കാർഡുകാർക്ക് പ്രത്യേകം അനുവദിച്ചിരുന്നത്. ഇക്കുറി അത്രയും നൽകാനുള്ള ഭക്ഷ്യധാന്യമുണ്ടാകുമോയെന്നതിൽ ആശങ്കയുണ്ട്.കഴിഞ്ഞവർഷം മാസംതോറും 10 കിലോവരെ അരിയാണ് വെള്ളക്കാർഡുകാർക്ക് സാധാരണ റേഷൻവിഹിതമായി നൽകിയിരുന്നത്. എന്നാൽ, ആവശ്യത്തിന് അരിയില്ലാത്തതിനാൽ ഏതാനും മാസമായി അഞ്ചുകിലോ അരി നൽകാനേ കഴിയുന്നുള്ളൂ. 52 ലക്ഷത്തോളം കാർഡുടമകൾ വെള്ള, നീല വിഭാഗങ്ങളിലായുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസമായി റേഷൻ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മേയിൽ 77.04 ലക്ഷം പേരാണ് റേഷൻ വാങ്ങിയത്. ജൂണിൽ 79.06 ലക്ഷംപേരും ജൂലായിൽ 78.21 ലക്ഷംപേരും വാങ്ങി. അതിനാൽ നീക്കിയിരിപ്പു കുറവായിരിക്കും.
ആകെയുള്ളത് 100 കോടി; ഓണം ഫെയറിൽ ആശങ്ക
ഓണക്കാലത്തേക്ക് സപ്ലൈകോയ്ക്ക് 100 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിട്ടുള്ളത്. 13 ഇനം സബ്സിഡി സാധനങ്ങളും ലഭ്യമാക്കണമെങ്കിൽ കരാറുകാരുടെ കുടിശ്ശികയിൽ പകുതിയെങ്കിലും നൽകാൻ കഴിയണം. നിലവിൽ 600 കോടിയോളമാണ് കുടിശ്ശിക. അതിനാൽ ഏതൊക്കെ സബ്സിഡി സാധനങ്ങൾ ഓണം ഫെയറിൽ ലഭ്യമാക്കാമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഓണക്കാലത്ത് സഹകരിക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച വിതരണക്കാരുമായി ചർച്ചനടത്താനാണു ഭക്ഷ്യവകുപ്പിന്റെ നീക്കം.
ഓണക്കിറ്റ് ഇത്തവണയും എല്ലാവർക്കുമില്ല
കഴിഞ്ഞവർഷത്തെപ്പോലെ ഇക്കുറിയും ഓണക്കിറ്റ് മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മാത്രമായി പരിമിതപ്പെടുത്താനാണു സർക്കാർ തീരുമാനം. എന്നാൽ, കിറ്റിൽ എത്രയിനം സാധനങ്ങൾ ഏതളവിൽ ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. സപ്ലൈകോയിലെ വിതരണക്കാരുമായി നടത്തുന്ന ചർച്ചയ്ക്കുശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണു വിവരം.