ആലച്ചേരി പാറമടയിലെ കെട്ടിക്കിടന്ന വെള്ളം ജനവാസ കേന്ദ്രത്തിലേക്കൊഴുകിയത് പരിഭ്രാന്തി പടർത്തി

കോളയാട് : ആലച്ചേരി കൊളത്തായിലെ പാറമടയിൽ കെട്ടിക്കിടന്ന വെള്ളം പൊട്ടിയൊഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് കല്ലും മണ്ണും ഉൾപ്പെടെ ഒഴുകിയെത്തിയത് പ്രദേശത്ത് ഭീതി പരത്തി. ജനവാസ കേന്ദ്രത്തിന് മുകളിലുള്ള പാറമടയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നിടത്ത് മണ്ണിടിഞ്ഞാണ് കല്ലും മണ്ണും ചെളിവെള്ളവും വെള്ളിയാഴ്ച പകൽ ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. പലരുടെയും വീട്ടുമുറ്റത്ത് വരെ ഇവ എത്തിയതോടെ കുട്ടികളെയും പ്രായമായവരെയും അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റവന്യൂ, പഞ്ചായത്ത്, അഗ്നി രക്ഷാസേന അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ ഭീതിയോടെയാണ് ഇവിടെ കഴിയുന്നതെന്ന് പ്രദേശത്തെ വീട്ടുകാർ പറഞ്ഞു. ജനകീയ പ്രതിഷേധത്തെ തുടർന്ന് കൊളത്തായിയിലെ പാറമട മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്.