‘അനാഥരായി എന്ന് തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം’; ഹൃദയം തൊട്ട കമന്‍റിന് മറുപടിയുമായി മന്ത്രി

Share our post

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തില്‍ അനാഥരായി എന്ന് തോന്നുന്ന മക്കളുടെങ്കിൽ ഏറ്റെടുക്കാൻ തയാറെന്ന കമന്‍റിന് മറുപടി നല്‍കി മന്ത്രി വീണ ജോര്‍ജ്. കുഞ്ഞുങ്ങളെ ദത്ത് എടുക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ചാണ് മന്ത്രി വിശദീകരിച്ച് നല്‍കിയത്. അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ്. അങ്ങേക്കും വൈഫിനും സ്നേഹാദരവുകളെന്നും വീണ ജോര്‍ജ് കുറിച്ചു.

മന്ത്രി ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന ഒരു കമൻ്റ് ശ്രദ്ധയിൽപ്പെട്ടു. വയനാട്ടിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്നതിനിടെ ഇത് ശ്രദ്ധയിലേക്ക് വന്നിരുന്നില്ല. പ്രിയപ്പെട്ട സുധി, അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസ്സിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ് . അങ്ങേക്കും വൈഫിനും സ്നേഹാദരവുകൾ.മാതാപിതാക്കൾ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നത്. CARA (Central Adoption Resource Authority) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്നത്. 6 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുൻനിർത്തിയാണ് ചെയ്യേണ്ടത്. CARAയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ സംരക്ഷണയിൽ നിലവിലുള്ള ഏതൊരു കുഞ്ഞിൻ്റെയും ദത്തെടുക്കൽ നടപടിക്രമങ്ങളിൽ സുധിയ്ക്കും പങ്കുചേരാൻ കഴിയും. സുധിയെ പോലെ പലരും ഇതേ ആവശ്യവുമായി വനിത ശിശുവികസന വകുപ്പിനെ സമീപിക്കുന്ന സാഹചര്യത്തിൽ അവർക്കായി കൂടിയാണ് ഇതിവിടെ എഴുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!