ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ്.ഐ.ആർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ വ്യാജ പ്രചാരണത്തിൽ രജിസ്റ്റർ ചെയ്തത് 39 എഫ്. ഐ.ആർ. കഴിഞ്ഞ രണ്ട് ദിവസം നടത്തിയ പരിശോധനയിലാണ് പൊലീസ് 39 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം അഭ്യർത്ഥിച്ച സാഹചര്യത്തിലായിരുന്നു ചിലർ വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സമൂഹ്യമാധ്യമ അക്കൗണ്ടുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നോട്ടീസും നൽകിയിട്ടുണ്ട്. ആലപ്പുഴയിലും പാലക്കാടും അഞ്ച് കേസുകൾ വീതവും തിരുവനന്തപുരത്തും തൃശ്ശൂരും നാലും കോട്ടയം, കൊല്ലം മൂന്ന് വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശ്ശൂർ സിറ്റി, കണ്ണൂർ സിറ്റി രണ്ട് കേസുകൾ വീതവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്ന് വീതം കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതായി സംസ്ഥാന പൊലീസ് മീഡിയ സെൻ്റർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.