ഉരുൾദുരന്തം; തിരച്ചിലിന് അത്യാധുനിക റഡാർ സംവിധാനവുമായി സൈന്യമെത്തും

മുണ്ടക്കൈ: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചിലിന് അത്യാധുനിക റഡാർ സംവിധാനം എത്തിക്കുമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. രണ്ട് ഉപകരണങ്ങളുമായി സൈന്യത്തിന്റെ പ്രത്യേക സംഘം ശനിയാഴ്ച വൈകീട്ടോടെ വയനാട്ടിലെത്തും. ഡല്‍ഹിയില്‍ നിന്നും ഉപകരണങ്ങൾ എയര്‍ലിഫ്റ്റ് ചെയ്തു കഴിഞ്ഞതായും കളക്ടർ അറിയിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചിൽ ശനിയാഴ്ചയും തുടരും. മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല സ്കൂൾ, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. ജി.പി.എസ് കോര്‍ഡിനേറ്റ്‌സ് പരിശോധിച്ചുള്ള തിരച്ചിലും തുടരും.
എല്ലാം നഷ്ടപ്പെട്ടവർക്ക് തങ്ങളുടെ രേഖകൾ നൽകുന്നതിനുവേണ്ടി സ്‌പെഷ്യല്‍ ക്യാമ്പ് രൂപീകരിക്കും. അവർക്ക് മൊബൈല്‍ നമ്പര്‍ നല്‍കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ 210 പേർ മരിച്ചതായാണ് നിലവിലെ സർക്കാർ കണക്ക്. എന്നാൽ, 300-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. നിരവധി പേരെ ഇനി കണ്ടെത്താനുമുണ്ട്. വെള്ളിയാഴ്ച 91 ക്യാമ്പുകളിലായി 9328 പേരാണുള്ളത്. അവശ്യമരുന്നുകളും ഡോക്ടർമാരുടെ സേവനവും എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയോടെ ക്യാമ്പുകളിൽ കഴിയുന്നവർക്കാവശ്യമായ മാനസികപിന്തുണ നൽകുന്നതിന് ആരോഗ്യപ്രവർത്തകരുണ്ട്.