കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ട്; വെള്ളാർമലയിൽ ഉയരും മാതൃകാ സ്‌കൂൾ

വയനാട് : ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ മാതൃകാ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കും. ഭൂകമ്പം ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുംവിധം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാകും നിർമാണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കും. എല്ലാ ജില്ലയിലും ഒരു സ്കൂൾ മാതൃകാ സ്കൂളാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വയനാട്ടിൽ വെള്ളാർമല ജി.വി.എച്ച്.എസ് ആയിരിക്കും.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നത് തടയാൻ മലിനമനസുകൾ നടത്തുന്ന ശ്രമത്തെ ചെറുത്ത് കേരളം. വിദ്വേഷപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ പ്രവഹിക്കുകയാണ്. ദുഷ്‌പ്രചരണത്തിന് ജനങ്ങൾ ഒരു വിലയും നൽകുന്നില്ലെന്നതിന് തെളിവാണ് ഓരോദിവസവും സി.എം.ഡി.ആർ.എഫ് അക്കൗണ്ടിലേക്ക് എത്തുന്ന ചെറുതും വലുതുമായ തുകകൾ.
തിരുവനന്തപുരം കോർപറേഷൻ രണ്ടുകോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഭീമ ജ്വല്ലറി ഉടമ ഡോ. ബി. ഗോവിന്ദൻ രണ്ടുകോടിയും വൈദ്യുതി റെഗുലേറ്ററി കമീഷൻ, പിന്നാക്കവിഭാഗ വികസന കോർപറേഷൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ, മുൻ എം.പി ഡോ. ടി.ആർ. പാരിവേന്ദർ എന്നിവർ ഒരുകോടി രൂപ വീതവും ദുരിതാശ്വാസനിധിയിലേക്ക് നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ദേവസ്വം കമീഷണർ എന്നിവരും ബോർഡിലെ സ്ഥിരജീവനക്കാരും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.