ഉരുള്‍പൊട്ടല്‍ ബാധിച്ച മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകൾ സ്പെഷ്യൽ ടീമിനെയിറക്കി വൈദ്യുതിയെത്തിച്ചു

ചൂരല്‍മല:ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാകെ ഇരുട്ടിലായപ്പോള്‍ 24 മണിക്കൂര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച് രക്ഷാ പ്രവര്‍ത്തകര്‍ക്കും പ്രദേശത്താകെയുള്ള മനുഷ്യര്‍ക്കും വെളിച്ചമെത്തിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും നമ്മളീഘട്ടത്തില്‍ സ്മരിക്കേണ്ടതുണ്ട്. ചൂരല്‍മല, മുണ്ടക്കൈ, കെ.കെ നഗറിലെ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ഒരു ട്രാന്‍സ്‌ഫോര്‍മര്‍ പൂര്‍ണ്ണമായും ഒലിച്ചു പോയി. ഒന്നു ചെരിഞ്ഞു. പക്ഷെ പ്രതിസന്ധിയിൽ പതറാതെ ഒരു ടീമായി പ്രവർത്തിച്ച് അന്നേ ദിവസം വൈകിട്ടോടു കൂടി പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബിക്കായി. അപകടസാധ്യത കണ്ട് ഒന്നിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയാണ് കെ.എസ്.ഇ.ബി ആദ്യം ചെയ്തതെന്ന് പറയുന്നു അസി എക്‌സിക്യുട്ടീവ് എന്‍ജിനീയറായ കെ എസ് ബ്രൗണ്‍.
ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ബാധിക്കാത്ത പ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതിയെത്തിക്കാന്‍ കെഎസ്ഇബിക്കായി. ഇതിനായി ഉരുള്‍പൊട്ടലുണ്ടായ പുലര്‍ച്ചെ സമയം തന്നെ ഒരു സ്‌പെഷ്യല്‍ ടീമിനെ കെഎസ്ഇബി നിയോഗിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുതലുള്ള റോളിലുള്ളവര്‍ പ്രദേശം സന്ദര്‍ശിച്ച് തുടര്‍നടപടികളെടുത്തു. ഇതിനാല്‍ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അധികം താമസിയാതെ തന്നെ വൈദ്യുതിയെത്തിക്കാന്‍ തങ്ങള്‍ക്കായെന്ന് കെഎസ് ബ്രൗണ്‍ പറയുന്നു.
യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുണ്ടക്കൈ ഭാഗത്ത് വീടുകളോ മനുഷ്യരോ ഒന്നുമില്ലാത്തതിനാലാണ് വൈദ്യുതി ബന്ധം അവിടെ പുനഃസ്ഥാപിക്കാത്തത്. മാത്രവുമല്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെയെ അതു ചെയ്യാന്‍ കഴിയൂ. മേപ്പാടി സെക്ഷനില്‍ നിന്ന് 30 പേര്‍, കല്‍പറ്റ, മാനന്തവാടി, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് വരെ ഉദ്യോഗസ്ഥരെത്തി 24 മണിക്കൂർ ജോലി ചെയ്താണ് പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചത്. ടീമിൽ 50 നും 60 നുമിടയിൽ ജീവനക്കാരുണ്ടായിരുന്നു. അപകടം നടന്ന 30 ന് ഇരുട്ടാവും മുന്നെ തന്നെ വൈദ്യുതി പലയിടങ്ങളും പുനഃസ്ഥാപിക്കാനായത് യുദ്ധകാലാടിസഥാനത്തിലുള്ള സ്‌പെഷ്യല്‍ ടീമിന്റെ പ്രവര്‍ത്തനം മൂലമാണ്. ബെയ്‌ലി പാലം തയ്യാറായതിനാല്‍ തങ്ങള്‍ക്ക് നിര്‍ദേശവും അനുമതിയും ലഭിക്കുന്ന മുറയ്ക്ക് അക്കരെ പ്രദേശത്തും വൈദ്യുതി എത്തിക്കാനാകുമെന്ന ആത്മവിശ്വാസം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു. അതിനു വേണ്ട പോസ്റ്റുകളൊക്കെ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട് കെ.എസ്.ഇ.ബി. അതോറിറ്റിയുടെ അനുമതിയടെയെ ഇത് ചെയ്യാനാവൂ . പക്ഷെ അതിനെല്ലാം തങ്ങള്‍ തയ്യാറാണെന്നും ബ്രൗണ്‍ അറിയിച്ചു.
“കെ.കെ. നഗര്‍, ചൂരല്‍മലടൗണ്‍, മുണ്ടക്കയം എന്നീ മൂന്ന് ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലുള്ള പ്രദേശത്തെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. ചൂരല്‍മല ട്രാന്‍സ്‌ഫോര്‍മുകള്‍ ഒലിച്ചു പോയി. കെ കെ നഗര്‍ ട്രാന്‍സ്‌ഫോം അപ്പാടെ ചെരിഞ്ഞു.രാത്രി മുഴുവന്‍ സപ്ലൈ ട്രിപ്പായി കൊണ്ടിരിക്കുകയായിരുന്നു. വാട്‌സാപ്പിലൂടെയാണ് ഉരുള്‍പൊട്ടലിന്റെ ആദ്യ വിവരമറിയുന്നത്. ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്തു. മുണ്ടക്കൈയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ ലൈന്‍ വലിക്കേണ്ടതുണ്ട്. മാത്രവുമല്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയും ലഭിക്കണം”, സബ്എന്‍ജിനീയര്‍ ബീരാന്‍ മാതൃഭൂമിയോട് പറഞ്ഞു. മഴ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഗതാഗതം തടസ്സപ്പെട്ടതും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. പക്ഷെ കണ്‍ട്രോള്‍ യൂണിറ്റിന് സപ്ലൈ വേഗം തന്നെ നല്‍കാനായി. .നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യുതി ബന്ധ് തടസ്സപ്പെടാതിരിക്കാന്‍ ഓരോ ഉദ്യോഗസ്ഥന് ചുമതലയും നല്‍കിയിട്ടുണ്ട് കെ .എസ് .ഇ.ബി.