ആകെയുള്ള പാലവും പുഴയെടുത്തു; സ്കൂളിലേക്ക് മക്കളെ അയക്കാനാവാതെ രക്ഷിതാക്കൾ

കോളയാട് : പെരുവയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ ആകെയുണ്ടായിരുന്ന സഞ്ചാര മാർഗം പുഴയെടുത്തതിന്റെ ദുരിതത്തിലാണ് ആക്കംമൂല-ചന്ദ്രോത്ത് പ്രദേശവാസികൾ. 50 പട്ടികവർഗ കുടുംബങ്ങളും പൊതുവിഭാഗത്തിൽപ്പെടുന്ന അഞ്ച് കുടുംബങ്ങളുമുൾപ്പടെ 55 കുടുംബങ്ങളുടെ ഏകാശ്രയമാണ് ഇല്ലാതായത്.
ആക്കം മൂല കോളനിക്കാർക്ക് സർക്കാർ ആസ്പത്രി, സ്കൂൾ, റേഷൻ കട എന്നിവിടങ്ങളിലെത്താൻ ഇപ്പോൾ നാല് കിലോമീറ്റർ ദൂരം താണ്ടി കടലുകണ്ടം പാലം വഴി വേണം മറുകരയിലെത്താൻ. അവിടുന്ന് വീണ്ടും മൂന്ന് കിലോമീറ്റർ സഞ്ചരിക്കണം ആരോഗ്യ കേന്ദ്രത്തിലും സ്കൂളിലുമെത്താൻ. കാട്ടുപോത്തും മറ്റു വന്യ മൃഗങ്ങളുമുള്ള ദുർഘട പാതയിലൂടെ മക്കളെ എങ്ങിനെ സ്കൂളിലയക്കുമെന്ന സങ്കടത്തിലാണ് പ്രദേശവാസികൾ.