സംഘര്‍ഷം രൂക്ഷം; ഇന്ത്യക്കാർ ലബനാൻ വിടണമെന്ന് നിർദേശം

ബെയ്റൂത്ത്: പശ്ചിമേഷ്യൻ രാജ്യമായ ലബനാനിൽ ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അവിടം വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുകൂർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ്
എംബസിയുടെ നിർദേശം “മേഖലയിലെ സമീപകാല സംഭവവികാസങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരൻമാർ ലെബനാനിലേക്കുള്ള യാത്ര ഒഴിവാക്കണം. എല്ലാ ഇന്ത്യക്കാരോടും ലെബനൻ വിടാൻ കർശനമായി നിർദേശിക്കുകയും ചെയ്യുന്നു” -ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.
ലെബനാനിൽ തുടരേണ്ട സാഹചര്യമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും എംബസിയുമായി ബന്ധപ്പെടാനും നിർദേശം നൽകിയിട്ടുണ്ട്. ഇറാനിൽ ഹമാസ് നേതാവ് ഇസ്‌മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്കകമായിരുന്നു ഹിസ്ബുല്ല നേതാവും കൊല്ലപ്പെട്ടത്. ഹനിയ്യയുടെ രക്തത്തിന് ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.