കാലിലെ ഗിയര്‍ കുരുക്കായി; എട്ടില്‍ കൂട്ടത്തോടെ പൊട്ടി ഇരുചക്രവാഹന ലൈസന്‍സിന് എത്തിയവര്‍

”ഇത് അത്രയെളുപ്പമല്ല കെട്ടോ, എം 80 ആയിരുന്നേല്‍ പേടിക്കണ്ടായിരുന്നു. കാലുകൊണ്ട് ഗിയര്‍ ചെയ്ഞ്ചുചെയ്ത് എട്ടെടുക്കാന്‍ ഇത്തിരി പണിപ്പെട്ടു” പറഞ്ഞുവരുന്നത് കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പുതിയ മോട്ടോര്‍വാഹന ചട്ടമനുസരിച്ചുള്ള ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തിലെ ലൈസന്‍സ് ടെസ്റ്റ് ആദ്യദിനം പാസായ യുവാവാണ്.ടൂവിലര്‍ ലൈസന്‍സ് എടുക്കാന്‍ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനമാണ് വ്യാഴാഴ്ച മുതല്‍ എറണാകുളം ആര്‍.ടി. ഓഫീസിന് കീഴിലുള്ള ഈ ടെസ്റ്റ് ഗ്രൗണ്ടില്‍ ഉപയോഗിച്ചത്. ആദ്യദിനം ടെസ്റ്റില്‍ പങ്കെടുത്ത 48 പേരില്‍ ആകെ പാസായതോ… 18 പേര്‍ മാത്രവും. ബാക്കി 30 പേരും എട്ടില്‍ പൊട്ടി.നേരത്തേ എം 80 വാഹനത്തില്‍ ടെസ്റ്റ് നടത്തുമ്പോള്‍ പകുതിയോളം പേരും വിജയിക്കുമായിരുന്നു. എന്‍ജിന്‍ കപ്പാസിറ്റി 95 സി.സി.ക്കു മുകളിലുള്ള വാഹനങ്ങളേ പുതുക്കിയ ചട്ടപ്രകാരം ഈ വിഭാഗത്തിലുള്ള ലൈസന്‍സെടുക്കുന്നതിനായി ടെസ്റ്റിനുപയോഗിക്കാനാവൂ. ഇതോടെ ടെസ്റ്റ് ഗ്രൗണ്ടില്‍നിന്ന് 75 സി.സി. മാത്രം എന്‍ജിന്‍ കപ്പാസിറ്റിയുള്ള എം 80 പുറത്താവുകയും ചെയ്തു.കഴിഞ്ഞ ദിവസം എം 80-യുടെ അവസാനത്തെ എട്ടിടല്‍ ഗ്രൗണ്ടില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ആഘോഷമാക്കിയിരുന്നു. ഈ വണ്ടിയാണെങ്കില്‍ വലിയ ‘റിസ്‌കില്ലാതെ’ എട്ട് മാതൃകയിലുള്ള കമ്പികള്‍ക്കിടയിലൂടെ വളച്ചെടുക്കാം. എന്നാല്‍ ഈ എട്ടില്‍ ബൈക്ക് തിരിച്ചെടുക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.എം 80 വാഹനത്തില്‍ പത്ത് പരിശീലന ക്ലാസൊക്കെ കിട്ടിയാല്‍ത്തന്നെ ‘എട്ട്’ കമ്പികള്‍ ചുറ്റിവരുന്നവര്‍ ബൈക്കിലാണെങ്കില്‍ 15 മുതല്‍ 25 വരെ ക്ലാസുകളില്‍ കഠിനപരിശീലനംതന്നെ നടത്തേണ്ടിവരുമെന്നാണ് ഡ്രൈവിങ് സ്‌കൂളുകാരും പറയുന്നത്. ഇവര്‍ പ്രതീക്ഷിച്ചതുപോലെത്തന്നെ പുതിയ പരിഷ്‌കാരം വന്നതോടെ ഭൂരിഭാഗംപേരും പരാജയപ്പെടുകയുമായിരുന്നു.