ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം: അഞ്ച് പേർ മരിച്ചു

സിംല : ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ചു. 50 ഓളം പേരെ കാണാതായെന്നാണ് വിവരം. ഷിംലയിലെ രാംപൂരിൽ സാമജ് ഘടിലാണ് ബുധൻ രാത്രിയാണ് മേഘവിസ്ഫോടനമുണ്ടയത്. മാണ്ഡിയിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇവിടെ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. എൻ.ഡി.ആർ.എഫും ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. കനത്ത മഴയിൽ നിരവധി വീടുകളും പാലങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു. കുളുവിലെ നിർമാണ്ട്, സൈഞ്ച്, മലാന മേഖലകളിലും മാണ്ഡിയിലെ പഥർ, ഷിംല ജില്ലയിലെ രാംപൂർ എന്നിവിടങ്ങളിലും മേഘവിസ്ഫോടനം ഉണ്ടായതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് മണാലി-ചണ്ഡീഗഡ് ദേശീയ പാത പലയിടത്തും തകർന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.