മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

Share our post

വയനാട്: ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളുടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് കാശ് കൊടുക്കരുതെന്നും വ്യാപക അഴിമതിയാണ് ദുരിതാശ്വാസനിധയിൽ നടക്കുന്നതെന്നുമടക്കമാണ് ശ്രീജിത്ത് പന്തളം ഫേസ്ബുക്കിലൂടെ പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.അതേസമയം വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്.ഐ ആറും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തതായും പൊലീസ് അറിയിച്ചു. തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ട് വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പൊലീസിന്‍റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!