ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി ആസിഫ് അലി, പറ്റുന്ന സഹായം ചെയ്യാൻ ആഹ്വാനം

വലിയ വിഷമത്തിലൂടെയാണ് നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് ആസിഫ് അലി പറഞ്ഞു. വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകൾ മുന്നോട്ടുവരുന്നതും നമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരേയും ചേർത്തുനിർത്തിക്കൊണ്ടുള്ള പ്രവർത്തനവുമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈയവസരത്തിൽ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളെക്കൊണ്ട് പറ്റുന്ന ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം. നമ്മളൊരുമിച്ച് ഇതും അതിജീവിക്കും.’ ആസിഫ് അലി കൂട്ടിച്ചേർത്തു.ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം ചെയ്തതിന്റെ വിവരങ്ങൾ മറ്റൊരു പോസ്റ്റിലൂടെയാണ് താരം അറിയിച്ചത്. എന്നാല്‍ എത്ര തുകയാണ് നല്കിയതെന്ന് ആസിഫ് വെളിപ്പെടുത്തിയിട്ടില്ല. നല്‍കിയ തുകയുടെ ഭാഗം മറച്ചുവച്ചാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ആസിഫിന്‍റെ പ്രവര്‍ത്തിയെ അനുകൂലിച്ച് രംഗത്തെത്തിയത്. ആസിഫിന്റെ രണ്ട് പോസ്റ്റുകൾക്കും നന്ദിയും സ്നേഹവുമറിയിച്ച് എത്തിയവരിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസുമുണ്ട്. നമ്മൾ അതിജീവിക്കും എന്നാണ് ആസിഫ് അലിയുടെ വീഡിയോക്ക് അദ്ദേഹം കമന്റ് ചെയ്തത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് രണ്ട്, വെള്ളിയാഴ് റിലീസ് ചെയ്യേണ്ടിയിരുന്ന ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് ചിത്രം ‘അഡിയോസ് അമീഗോ’ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി കഴിഞ്ഞദിവസം ആസിഫ് അലി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വയനാടിന് താങ്ങും തണലുമായി നടൻ എത്തിയത്. നിരവധി ആരാധകരാണ് ആസിഫിന്റെ ആ നല്ല മനസിന് കയ്യടിയുമായി എത്തുന്നത്.
മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.