അർജുനായുള്ള തിരച്ചിൽ നിലച്ചു; യന്ത്രം ഉപയോഗിക്കാമെന്ന് അറിയിച്ച് കേരള കാർഷിക സർവകലാശാല

Share our post

ഷിരൂർ (കർണാടക): ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചിൽ ഇന്നലെയും നടന്നില്ല. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രതിനിധികൾ ബോട്ടിൽ പുഴയിൽ സാധാരണ പരിശോധന നടത്തി. ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തിരച്ചിലിനു സന്നദ്ധമാണെന്നു തൃശൂരിലെ കേരള കാർഷിക സർവകലാശാലാ പ്രതിനിധികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കർണാടക, കേരള സർക്കാരുകൾ പരസ്പരം ചർച്ച ചെയ്ത ശേഷമാവും ഇതിൽ അന്തിമ തീരുമാനമുണ്ടാവുക. തിരച്ചിലിന് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് തൃശൂർ കാർ‌ഷിക സർവകലാശാലയിൽ നിന്നുള്ള പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയത്. ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രമാണ് തൃശൂരിൽ നിന്ന് എത്തിക്കുക. ഇക്കാര്യം ഉത്തര കന്നഡ ജില്ലാ ഭരണകൂടം തൃശൂർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിൽ പരിശോധന നടത്തിയ സംഘത്തിൽ സർവകലാശാലയുടെയും കേരള സർക്കാരിന്റെയും പ്രതിനിധികൾ ഉണ്ടായിരുന്നു. കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിലുമായി ഇവർ ചർച്ച നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!