ഷിരൂരില്‍ ഉപയോഗിച്ച ഡ്രോണുമായി വയനാട്ടില്‍ മൃതദേഹങ്ങള്‍ക്കായി നാളെ മുതല്‍ പരിശോധന നടത്തും

Share our post

കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ സര്‍വ്വ സന്നാഹങ്ങളുമുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തില്‍ ഡ്രോണിന്റെയും മറ്റു സാങ്കേതികവിദ്യകളുടേയും സഹായം തേടുകയാണ് അധികൃതര്‍.മുണ്ടക്കൈയില്‍ ജീവനോടെയുള്ളവരെ എല്ലാം രക്ഷപ്പെടുത്തിയെന്നും അവശേഷിക്കുന്നത് മൃതദേഹങ്ങള്‍ മാത്രമാണെന്നുമാണ് വിലയിരുത്തല്‍. ഷിരൂര്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഡ്രോണ്‍ വയനാട്ടിലെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ണിനിടയില്‍ കിടക്കുന്ന ശരീരങ്ങള്‍ കണ്ടെടുക്കുന്നതിന് വെള്ളിയാഴ്ച മുതല്‍ ഷിരൂരില്‍ ഉപയോഗിച്ച ഡ്രോണ്‍ ഉപയോഗിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തെര്‍മല്‍ സ്‌കാനിങും ഡ്രോണ്‍ പരിശോധനയും നടത്തും. റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാകും മണ്ണിനടയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കുക. ഷിരൂരിലും അദ്ദേഹത്തിന്റെ ഈ നേതൃത്വത്തില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഇതിലൂടെ അര്‍ജുന്റെ ലോറിയുടെ കൃത്യമായ സ്ഥാനമടക്കം കണ്ടെത്താനായിരുന്നു. ഉരുള്‍പൊട്ടിയ പ്രദേശത്തെ ഏരിയ മാപ്പിങും തയ്യാറാക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!