വിശ്രമിക്കാതെ കെ.എസ്.ഇ.ബി; ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി

കൽപ്പറ്റ: വയനാട്ടില്‍ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് കെഎസ്ഇബിയുടെ അശ്രാന്ത പരിശ്രമം ഫലം കണ്ടു. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനായതായി കെ.എസ്ഇ.ബി അറിയിച്ചു. ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചായിരുന്നു കെ.എസ്.ഇ.ബി ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനസ്ഥാപിച്ചത്.
കെ.എസ്.ഇ.ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞ് ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പരിശ്രമമാണ് വൈകിട്ടോടെ ഫലം കണ്ടത്. ചൂരൽമല ടൗണിലെ പ്രകാശസംവിധാനവും സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്. ബുധനാഴ്ച പുലർച്ചയോടെ ഉരുൾപൊട്ടൽ ഉണ്ടായ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചിരുന്നു. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. . പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെ.എസ്.ഇ.ബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്.