മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അന്‍ഷുമാന്‍ ഗെയ്ക്‌വാദ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌വാദ് (71) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. 1975 – 1987 കാലത്ത് ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച അദ്ദേഹം രണ്ടു തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു. വലംകൈയന്‍ ബാറ്ററായിരുന്ന ഗെയ്ക്വാദ് ടെസ്റ്റില്‍ നിന്നും ഇരട്ട സെഞ്ചുറിയുള്‍പ്പടെ 1985 റണ്‍സ് നേടിയിട്ടുണ്ട്. പാകിസ്താനെതിരേയായിരുന്നു ഇരട്ടസെഞ്ചുറി (201). 15 ഏകദിനത്തില്‍ നിന്നും 269 റണ്‍സും നേടി. 1997-1999, 2000 കാലത്ത് ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നു. 2018-ല്‍ സി.കെ. നായിഡു ആജീവനാന്ത പുരസ്‌കാരം നല്‍കി ബി.സി.സി.ഐ. ആദരിച്ചിട്ടുണ്ട്. അന്‍ഷുമാന്റെ പിതാവ് ദത്ത ഗെയ്ക്വാദ് ഇന്ത്യയ്ക്കായി 11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഗെയ്ക്‌വാദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു
കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനിലെ കിങ്‌സ് കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗെയ്ക്വാദിനെ കഴിഞ്ഞ മാസമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അടുത്തിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് അദ്ദേഹത്തിന്റെ ചികിത്സ ചിലവിന് ബി.സി.സി.ഐയോട് സഹായം തേടിയതോടെ ഗെയ്ക്വാദ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചികിത്സാ ചിലവ് താങ്ങാനാവാതെ ഗെയ്ക്വാദും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നറിഞ്ഞപ്പോഴായിരുന്നു സഹായ അഭ്യര്‍ഥന. തുടര്‍ന്ന് ബി.സി.സി.ഐ ഒരുകോടി രൂപ സഹായധനം നല്‍കിയിരുന്നു.